ട്രിവാന്‍ഡ്രം ഫെസ്റ്റ് സാഹോദര്യത്തിന്റെയും സൗഹാര്‍ദ്ധത്തിന്റെയും ആഘോഷമാകും- മന്ത്രി വി.ശിവന്‍കുട്ടി
തിരുവനന്തപുരം : അനന്തപുരിയുടെ ക്രിസ്തുമസ് കാഴ്ചകള്‍ വര്‍ണ്ണാഭമാക്കാന്‍ സി.എസ്.ഐ. സൗത്ത് കേരള മഹായിടവകയുടെയും ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സിന്റെയും ക്രൈസ്തവേതര ആത്മീയ, സാംസ്കാരിക പ്രസ്ഥാനങ്ങളുടെയും ആഭിമുഖ്യത്തില്‍ സംസ്ഥാന ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ട്രിവാന്‍ഡ്രം ഫെസ്റ്റിനുളള ഒരുക്കങ്ങള്‍ ആരംഭിച്ചു. പാളയം എല്‍.എം.എസ് കോമ്പൗണ്ടിൽ ആരംഭിച്ച സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിച്ചു. ട്രിവാന്‍ഡ്രം ഫെസ്റ്റ് നമ്മുടെ നാടിന്റെ സാഹോദര്യത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും ആഘോഷമാകണം. സമസ്ത ജനവിഭാഗങ്ങള്‍ക്കും ആഘോഷിക്കാന്‍ കഴിയുന്ന തരത്തില്‍ അതിരുകളില്ലാത്ത ആനന്ദത്തിന്റെയും കാഴ്ചകളുടെയും നാടാണ് നമ്മുടെ നാടെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ബിഷപ്പ് മാത്യൂസ് മോർ സിൽവാനിയോസ്, ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, ഡോ. റ്റി.റ്റി. പ്രവീണ്‍, റവ. ഡോ. ജെ. ജയരാജ്, സാജൻ വേളൂർ , ഷാജി.പി. കോശി, റവ. അനൂപ്. എ. ജോസഫ്, ഫാദർ ബിനുമോൻ ബി റസ്സൽ,ഫാദർ യേശുദാസ്.ജെ, ഫാദർ ജോസ് കരിക്കം,ഫാദർ ലിബീഷ് ഇ ജോർജ്, കോഷി രത്ന,ഡോ. സുരേഷ് ബൽരാജ്, അലക്സ് പാപ്പച്ചൻ, വിജീഷ് കുറുവാട് എന്നിവർ ചടങ്ങിൽ സംസാരിച്ചു.പാളയം എല്‍.എം.എസ് കോമ്പൌണ്ടില്‍ ഡിസംബർ 21 മുതൽ ജനുവരി 1 വരെയാണ് ഫെസ്റ്റ്. 120 അടിയിലധികം ഉയരമുളള ക്രിസ്മസ് ട്രീയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. നിര്‍മ്മാണം കഴിയുമ്പോള്‍ ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്മസ് ട്രീയാകും ഇത് എന്നാണ് സംഘാടകര്‍ പറയുന്നത്. ഫെസ്റ്റിനോടനുബന്ധിച്ച് എല്‍.എം.എസ് കോമ്പൌണ്ടിനു മുന്നിലുളള റോഡില്‍ അയ്യായിരത്തിലധികം നക്ഷത്രവിളക്കുകള്‍ തെളിയും. ദീപാലങ്കാരത്തിനു പുറമെ ഇരുപതടി ഉയരമുളള സാന്റാ, മെഗാനക്ഷത്രങ്ങള്‍, പുല്‍ക്കൂടുകള്‍ എന്നിവ ഫെസ്റ്റിലെ ക്രിസ്തുമസ് കാഴ്ചകളാകും. ആയിരത്തി അഞ്ഞൂറിലധികം പക്ഷികള്‍ വിഹരിക്കുന്ന പക്ഷി സങ്കേതം, അമ്യൂസ്മെന്റ് പാര്‍ക്ക്, ഗെയിം സോണുകള്‍, വ്യാപാര വിപണന സ്റ്റാളുകള്‍, ഫുഡ് കോര്‍ട്ട് എന്നിവയും ഫെസ്റ്റ് നഗരിയില്‍ ഉണ്ടാകും. എല്ലാദിവസവും വൈകുന്നേരങ്ങളില്‍ പ്രധാനവേദിയില്‍ പ്രശസ്തരായ കലാകാരമാർ അവതരിപ്പിക്കുന്ന പുതുമയാർന്ന പരിപാടികൾ നടക്കും. ആത്മീയ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖർ വിവിധ സമ്മേളനങ്ങളിൽ സംബന്ധിക്കും. ഫോട്ടോ : ട്രിവാന്‍ഡ്രം ഫെസ്റ്റിന്റെ സ്വാഗതസംഘം ഓഫീസ് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യുന്നു. സാജന്‍ വേളൂര്‍, ബിഷപ്പ് മാത്യൂസ് മാര്‍ സില്‍വാനിയോസ്, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, റവ. ഡോ. ജെ. ജയരാജ്, ജോര്‍ജ് സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സമീപം

