വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം: ഏഴ് ജില്ലകളിൽ ഇന്ന് തിരഞ്ഞെടുപ്പ് ആവേശം

Spread the love

കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൻ്റെ (Kerala Local Body Election) രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. വടക്കൻ കേരളത്തിലെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളാണ് ഇന്ന് പോളിംഗ് നടക്കുന്നത്. രാവിലെ ഏഴ് മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകുന്നേരം ആറ് മണിയോടെ അവസാനിക്കും.ഇക്കഴിഞ്ഞ ഒമ്പതിനാണ് തെക്കൻ കേരളത്തിലെ ഏഴ് ജില്ലകളിൽ ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടന്നത്. രണ്ടാം ഘട്ടം അവസാനിക്കുന്നതോടെ, സംസ്ഥാനത്തെ 14 ജില്ലകളിലെയും തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയാകും. രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലാ പഞ്ചായത്തുകളിലെ 182 ഡിവിഷനുകളിലേക്കും, 77 ബ്ലോക്ക് പഞ്ചായത്തുകളിലെ 1177 ഡിവിഷനുകളിലേക്കും, 470 ഗ്രാമപഞ്ചായത്തുകളിലെ 9015 വാർഡുകളിലേക്കും, 47 മുനിസിപ്പാലിറ്റികളിലെ 1829 വാർഡുകളിലേക്കും, മൂന്ന് കോർപ്പറേഷനുകളിലെ 188 വാർഡുകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്.ആകെ 1.53 കോടിയിലധികം വോട്ടർമാരാണ് ഇന്ന് വോട്ടുചെയ്യാനൊരുങ്ങുന്നത്. ഇതിൽ 80.90 ലക്ഷം സ്ത്രീകളും 72.46 ലക്ഷം പുരുഷ വോട്ടർമാരും ഉൾപ്പെടുന്നു. ഏഴ് ജില്ലകളിലായി 18,274 പോളിങ് സ്റ്റേഷനുകളാണ് സജ്ജമാക്കിയിരിക്കുന്നത്. 38,994 സ്ഥാനാർത്ഥികളാണ് രണ്ടാം ഘട്ടത്തിൽ ജനവിധി തേടുന്നത്. കഴിഞ്ഞ ഒരു മാസക്കാലം നീണ്ടുനിന്ന തീവ്ര പ്രചാരണം ചൊവ്വാഴ്ചയാണ് അവസാനിച്ചത്. ഡിസംബർ 13-നാണ് 14 ജില്ലയിലെയും വോട്ടെണ്ണൽ നടക്കുക.അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലും ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമടക്കമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *