ഫിസിയോ തെറാപ്പിസ്റ്റുകൾ ഡോക്ടർ’ എന്ന് ഉപയോഗിക്കരുത് ഹൈക്കോടതി

Spread the love

കൊച്ചി: ഫിസിയോ തെറാപ്പിസ്റ്റുകളും ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകളും പേരിന് മുന്നില്‍ ‘ഡോക്ടര്‍’ എന്ന് ചേര്‍ക്കുന്നത് നിയമപരമല്ലെന്ന് ഹൈക്കോടതി. അംഗീകൃത മെഡിക്കല്‍ ബിരുദമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിര്‍ദേശം. തെറാപ്പിസ്റ്റുകള്‍ ഈ വിശേഷണം ഉപയോഗിക്കുന്നില്ലെന്ന് അധികൃതര്‍ ഉറപ്പാക്കണമെന്ന് ഇടക്കാല ഉത്തരവില്‍ ജസ്റ്റിസ് വിജി അരുണ്‍ നിര്‍ദേശിച്ചു.തെറാപ്പിസ്റ്റുകള്‍ ‘ഡോക്ടര്‍’ എന്ന് ചേര്‍ക്കുന്നത് 1916-ലെ ഇന്ത്യന്‍ മെഡിക്കല്‍ ഡിഗ്രീസ് ആക്ട് പ്രകാരം ശരിയല്ലെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശവും കോടതി ചൂണ്ടിക്കാട്ടി. സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.തെറാപ്പിസ്റ്റുകള്‍ ‘ഡോക്ടര്‍’ എന്ന് ചേര്‍ക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷനും ഹൈക്കോടതി നോട്ടീസയച്ചു. കേസ് ഡിസംബര്‍ ഒന്നിന് വീണ്ടും പരിഗണിക്കും.നേരത്തെ, ഫിസിയോതെറാപ്പിസ്റ്റുകളെ ഡോക്ടര്‍ എന്ന് വിശേഷിപ്പിക്കുന്നതു വിലക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉത്തരവ് മണിക്കൂറുകള്‍ക്കകം പിന്‍വലിച്ചിരുന്നു. ഫിസിയോതെറാപ്പിസ്റ്റുകള്‍ ഡോക്ടര്‍ എന്ന വിശേഷണം ഉപയോഗിക്കരുതെന്ന് എന്ന് വ്യക്തമാക്കി സെപ്തംബര്‍ 9 നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് (ഡിജിഎച്ച്എസ്) ഉത്തരവിറക്കിയത്. ഫിസിയോ തെറാപ്പിസ്റ്റുകള്‍ ഡോക്ടര്‍ എന്ന വിശേഷണം ഉപയോഗിക്കുന്നത് തടയണം എന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നിരന്തര ആവശ്യം പരിഗണിച്ചായിരുന്നു നടപടി. ഇതിനെതിരെ ഫിസിയോ തെറാപിസ്റ്റുകളുടെ സംഘടനകള്‍ നിവേദനം നല്‍കിതോടെ മണിക്കൂറുകള്‍ക്കകം ഉത്തരവ് പിന്‍വലിക്കുകയായിരുന്നു. എന്നാല്‍, വിഷയത്തില്‍ കൂടുതല്‍ പരിശോധന ആവശ്യമാണ് വ്യക്തമാക്കി സെപ്തംബര്‍ പത്തിന് പുതിയ ഉത്തരവ് ഇറക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *