അരിക്കൊമ്പൻ വീണ്ടും അതിർത്തി മേഖലയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്
നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ ചിന്നക്കനാൽ മേഖലയിൽ നിന്നും മാറ്റിയ അരിക്കൊമ്പൻ വീണ്ടും അതിർത്തി മേഖലയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. നിലവിൽ, കേരള- തമിഴ്നാട് അതിർത്തിയിലാണ് അരിക്കൊമ്പൻ ഉള്ളത്. എന്നാൽ, അതിർത്തി കടന്നാൽ വീണ്ടും ജനവാസ മേഖലയിലേക്ക് അരിക്കൊമ്പൻ എത്തിയേക്കാമെന്നാണ് വിലയിരുത്തൽ. വണ്ണാത്തിപ്പാറ ഭാഗത്തേക്ക് എത്തിയാൽ, അഞ്ച് കിലോമീറ്ററിനപ്പുറം തമിഴ്നാട്ടിലെ ജനവാസ മേഖലയാണ് ഉള്ളത്. ഇത് നേരിയ തോതിൽ ഭീഷണി ഉയർത്തുന്നുണ്ട്.ചിന്നക്കനാലിൽ നിന്നും പെരിയാർ കടുവ സങ്കേതത്തിലേക്കാണ് അരിക്കൊമ്പനെ മാറ്റിയിരിക്കുന്നത്. എന്നാൽ, അരിക്കൊമ്പൻ എതിർദിശയിലേക്ക് സഞ്ചരിച്ചതോടെയാണ് ഇത്തരമൊരു ആശങ്ക ഉയർന്നിരിക്കുന്നത്. അരിക്കൊമ്പൻ അതിർത്തി കടക്കാൻ സാധ്യതയുണ്ടോയെന്ന് ഉറപ്പുവരുത്താൻ തമിഴ്നാട് വനംവകുപ്പും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഒന്നര കിലോമീറ്റർ മാത്രമാണ് ആന സഞ്ചരിച്ചതെങ്കിലും, ഇപ്പോൾ വേഗത കൂടിയിട്ടുണ്ട്. വരും ദിവസങ്ങളിൽ പൂർണ ആരോഗ്യവാനായി മാറുന്നതോടെ അരിക്കൊമ്പന്റെ നീക്കങ്ങൾ പ്രവചനാതീതമാണ്.