ഉത്തരകൊറിയ ഏകാധിപതി കിം ജോങ് ഉന്നിനെ കാണാനില്ല
പ്യോങ്യാങ്: ഉത്തരകൊറിയയിൽ ഈയാഴ്ച വൻ സൈനികപരേഡ് നടക്കാനിരിക്കെ ഏകാധിപതി കിം ജോങ് ഉന്നിനെ കാണാനില്ല. ഒരുമാസമായി കിം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നാണ് റിപ്പോർട്ട്. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള സംശയം ഇതോടെ വീണ്ടുമുയർന്നതായി അമേരിക്കൻ വാർത്താചാനലായ ‘ഫോക്സ് ന്യൂസ്’ തിങ്കളാഴ്ച റിപ്പോർട്ടുചെയ്തു.ഞായറാഴ്ചത്തെ പൊളിറ്റ് ബ്യൂറോ യോഗത്തിൽ കിം പങ്കെടുത്തില്ലെന്നും തുടർച്ചയായ മൂന്നാംതവണയാണ് യോഗത്തിൽനിന്ന് വിട്ടുനിൽക്കുന്നതെന്നും ദക്ഷിണകൊറിയയിലെ എൻ.കെ. ന്യൂസിനെ ഉദ്ധരിച്ച് ഫോക്സ് ന്യൂസ് പറഞ്ഞു. 2014-ൽ 40 ദിവസം കിം പൊതുയിടത്തുനിന്ന് അപ്രത്യക്ഷനായിരുന്നു.