സിപിഎം സംഘടിപ്പിക്കുന്ന മൈഗ്രേഷന്‍ കോണ്‍ക്ലേവിന് ഇന്ന് തിരുവല്ലയില്‍ തുടക്കമാകും

Spread the love

പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സിപിഎം സംഘടിപ്പിക്കുന്ന മൈഗ്രേഷന്‍ കോണ്‍ക്ലേവിന് ഇന്ന് തിരുവല്ലയില്‍ തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ സിപിഎം – സിപിഐ സംസ്ഥാന സെക്രട്ടറിമാരും, ഇടതുമുന്നണിയിലെ ഘടക കക്ഷി നേതാക്കളും പങ്കെടുക്കും. അതേസമയം പത്തനംതിട്ടയില്‍ മന്ത്രി വീണ ജോര്‍ജ്ജിനെതിരെ കോണ്‍ഗ്രസ് സമരം തുടങ്ങി.പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുള്ള മുന്‍ മന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍, എകെജി പഠന ഗവേഷണ കേന്ദ്രമാണ് മൂന്ന് ദിവസം നീളുന്ന ആഗോള പ്രവാസി സംഗമം നടത്തുന്നത്. ചര്‍ച്ചകള്‍, സെമിനാറുകള്‍ എന്നിവക്ക് പുറമെ വിദേശ റിക്രൂട്ട്‌മെന്റിനുള്ള പിന്തുണയും കോണ്‍ക്ലേവിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഒരു ലക്ഷത്തിലധികം ആളുകള്‍ ഇതിനോടകം ഓണ്‍ലൈന്‍ വഴി പരിപാടിക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ഒരു വശത്ത് സിപിഎം തെരഞ്ഞെടുപ്പ് പരിപാടി നടത്തുമ്പോള്‍ മറുവശത്ത് സംസ്ഥാന സര്‍ക്കാരിനെതിരെ സമരം പ്രഖ്യാപിക്കുകയാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം. പത്തനംതിട്ട നഗരത്തിലെ അബാന്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം വൈകുന്നതില്‍ മന്ത്രി വീണാ ജോര്‍ജ്ജിനെതിരെ അനിശ്ചിതകാല സമരം തുടങ്ങിയിരിക്കുകയാണ് ഇവര്‍. റിംഗ് റോഡിലെ ഗതാഗതം താറുമാറായതോടെ കച്ചവടം നഷ്ടപ്പെട്ട വ്യാപാരികളും സമരത്തിലേക്ക് നീങ്ങുകയാണ്.നഗരത്തിലെ ഗതാഗതകുരുക്ക് ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച് 2021 ഡിസംബറിലാണ് അബാന്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം തുടങ്ങിയത്. 46 കോടി ചെലവിട്ടുള്ള മേല്‍പ്പാല നിര്‍മ്മാണം 18 മാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്നായിരുന്നു സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി വീണ ജോര്‍ജ്ജ് പ്രഖ്യാപിച്ചത്. എന്നാല്‍ നിര്‍മ്മാണം എങ്ങുമെത്തിയില്ല. പാലം പണിക്കായി റിംഗ് റോഡ് അടച്ചതോടെ വ്യാപാരികള്‍ കഷ്ടത്തിലായി. റോഡുകളും താറുമാറായ നിലയിലാണ്. മേല്‍പ്പാല നിര്‍മ്മാണം നഗരത്തെ ആകെ നശിപ്പിച്ചെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. അശാസ്ത്രീയ നിര്‍മ്മാണത്തിന് പിന്നില്‍ അഴിമതിയുണ്ടെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ജില്ലയിലെ ആദ്യമേല്‍പ്പാലം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നു. 611 മീറ്റര്‍ നീളം വരുന്ന പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണം തുടങ്ങിയിട്ടുണ്ട്. സ്പാനുകള്‍ ഒന്നിച്ച് പൂര്‍ത്തിയാക്കും വിധം നിര്‍മ്മാണം വേഗത്തിലാക്കുമെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് അധികൃതരും വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *