ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ചാറ്റ്ബോട്ട് പുറത്തിറക്കിയിരിക്കുകയാണ് ഗൂഗിൾ
ചാറ്റ്ജിപിടിക്ക് വെല്ലുവിളി ഉയർത്താൻ പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ചാറ്റ്ബോട്ട് പുറത്തിറക്കിയിരിക്കുകയാണ് ഗൂഗിൾ. ചാറ്റ്ജിപിടിയുടെ കടന്നുവരവ് ഗൂഗിളിനെ സമ്മർദ്ദത്തിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കിടിലൻ തിരിച്ചുവരവുമായി ഗൂഗിൾ എത്തിയത്. റിപ്പോർട്ടുകൾ പ്രകാരം, ചാറ്റ്ജിപിടിയെ നേരിടാൻ ‘ബാർഡ്’ എന്ന പേരിലാണ് ചാറ്റ്ബോട്ട് അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്ത ടെസ്റ്റർമാർ ബാർഡ് ഉപയോഗിച്ച് പോരായ്മകൾ പരിഹരിച്ചതിനുശേഷമാണ് ഔദ്യോഗികമായി പുറത്തിറക്കുക. അധികം വൈകാതെ തന്നെ ഈ ചാറ്റ്ബോട്ട് പൊതുജനങ്ങൾക്ക് ലഭ്യമാകുമെന്ന് ഗൂഗിൾ അറിയിച്ചിട്ടുണ്ട്.മനുഷ്യനെ പോലെ തന്നെ പെരുമാറുകയും വികാരം പ്രകടിപ്പിക്കുകയും ചെയ്യുന്ന തരത്തിലുള്ള ചാറ്റ്ബോട്ടാണ് ബാർഡ് എന്ന് ഗൂഗിൾ അവകാശപ്പെടുന്നുണ്ട്. ഗൂഗിളിന്റെ വിഭാഗമായ ലാർജ് ലാംഗ്വേജ് മോഡലായ ലാംഡയിലാണ് ബാർഡ് വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഉപഭോക്താവ് ഉന്നയിക്കുന്ന ചോദ്യത്തിന് ഒരു കൂട്ടം ഉത്തരങ്ങൾ നൽകാതെ, കൃത്യമായ ഉത്തരം നൽകുന്ന തരത്തിലാണ് ബാർഡ് പ്രവർത്തിക്കുക. ഗൂഗിളിന്റെ ബാർഡ് ചാറ്റ്ജിപിടിക്ക് വെല്ലുവിളി ഉയർത്താൻ സാധ്യതയുണ്ട്. അതേസമയം, പുറത്തിറങ്ങി രണ്ടുമാസത്തിനകം മികച്ച പ്രകടനവും മുന്നേറ്റവുമാണ് ചാറ്റ്ജിപിടി കാഴ്ചവച്ചത്.