ആറുമാസത്തിനിടെ 10 രോഗികളെ കൊലപ്പെടുത്തി, 27 പേരെ കൊല്ലാൻ ശ്രമിച്ചു; ജർമ്മൻ നഴ്സിന് ജീവപര്യന്തം തടവ്
മ്യൂണിക്: തൻ്റെ പരിചരണത്തിലുണ്ടായിരുന്ന 10 കിടപ്പുരോഗികളെ കൊലപ്പെടുത്തുകയും 27 പേരെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ നഴ്സിന് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ജർമ്മനിയിലെ ആഹൻ നഗരത്തിനടുത്തുള്ള വൂർസെലെനിലെ ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. പാലിയേറ്റീവ് കെയർ നഴ്സായിരുന്ന 44 വയസ്സുകാരനാണ് ശിക്ഷിക്കപ്പെട്ടത്.വിഷാംശമുള്ള മരുന്നുകൾ ഇൻജെക്ഷനിലൂടെ നൽകിയാണ് ഇയാൾ കൊലപാതകങ്ങൾ നടത്തിയത്. ജർമ്മനിയിലെ പടിഞ്ഞാറൻ നഗരമായ ആഹൻ കോടതിയാണ് പ്രതിക്ക് കഠിന തടവ് ശിക്ഷ വിധിച്ചത്. 2023 ഡിസംബറിനും 2024 മെയ് മാസത്തിനും ഇടയിലായിരുന്നു ഈ ക്രൂരകൃത്യങ്ങൾ നടന്നത്. 15 വർഷത്തെ തടവ് പൂർത്തിയാക്കിയ ശേഷം മാത്രമേ പ്രതിക്ക് പരോളിന് അർഹതയുണ്ടാകൂ എന്ന് കോടതി വ്യക്തമാക്കി

