ഇന്ത്യയിലെ വന്യജീവി സങ്കേതങ്ങളിലെ വിനോദ സഞ്ചാരം തടയണമെന്ന് സുപ്രീം കോടതി

Spread the love

ന്യൂഡല്‍ഹി: ഇന്ത്യയിലെ വന്യജീവി സങ്കേതങ്ങളിലെ വിനോദ സഞ്ചാരം തടയണമെന്ന് സുപ്രീം കോടതി ഉന്നതാധികാര സമിതിയുടെ നിര്‍ദേശം. ഉത്തരാഖണ്ഡിലെ കോര്‍ബറ്റ് കടുവാ സംരക്ഷണ മേഖലയില്‍ കടുവാ സഫാരി പാര്‍ക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം വന്നത്. വന്യജീവി സങ്കേതങ്ങള്‍, കടുവാ സങ്കേതങ്ങള്‍ എന്നിവിടങ്ങളില്‍ സഫാരികളും മൃഗശാലകളും സ്ഥാപിക്കാന്‍ അനുവദിക്കുന്ന നിയമങ്ങള്‍ റദ്ദാക്കണമെന്നാണ് സമിതി നിര്‍ദേശിക്കുന്നത്. അല്ലെങ്കില്‍ ഈ നിയമങ്ങളില്‍ ഭേദഗതി വരുത്തണമെന്ന് സുപ്രീം കോടതി ഉന്നതാധികാര സമിതി പറയുന്നു.കടുവാ സംരക്ഷണ മേഖല ഉള്‍പ്പടെയുള്ള വന്യജീവി സങ്കേതങ്ങളില്‍ സഫാരികളും മൃഗശാലകള്‍ക്കും സ്ഥാപിക്കാന്‍ നല്‍കിയ അനുമതി റദ്ദാക്കണമെന്ന റിപ്പോര്‍ട്ട് സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റി കഴിഞ്ഞ മാസം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ജസ്റ്റിസുമാരായ ബി ആര്‍ ഗവായി, വിക്രം നാഥ് എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് ബുധനാഴ്ചയാണ് സുപ്രീംകോടതി സമിതി റിപ്പോര്‍ട്ട് പരിഗണിക്കുക.ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമാണ് സംരക്ഷിത വനമേഖലയോട് ചേര്‍ന്ന് മൃഗശാലകള്‍ നിര്‍മ്മിക്കാന്‍ അനുവദിക്കുന്നത്. 1980ലെ വനസംരക്ഷണ നിയമത്തില്‍ ഇക്കാര്യം വ്യക്തമായി പറയുന്നുമുണ്ട്. 2012, 2016, 2019 എന്നീ വര്‍ഷങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. മൃഗശാലകളുടെ രൂപീകരണം സാധാരണ ജനങ്ങളുടെ ജീവിതം ദുസഹമാക്കുന്ന വിധത്തിലാവരുതെന്നും പാനല്‍ വ്യക്തമാക്കി. നാഷണല്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ പുനപരിശോധിക്കാനാണ് പാനല്‍ നിര്‍ദേശിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *