മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചതോടെ നേട്ടത്തിലേറിയിരിക്കുകയാണ് പതഞ്ജലി ഫുഡ്സ് ലിമിറ്റഡ്
മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചതോടെ നേട്ടത്തിലേറിയിരിക്കുകയാണ് പതഞ്ജലി ഫുഡ്സ് ലിമിറ്റഡ്. കണക്കുകൾ പ്രകാരം, ഒക്ടോബറിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ 26.38 ശതമാനം വളർച്ചയോടെ 7,963.75 കോടി രൂപയുടെ മൊത്തം വരുമാനമാണ് കമ്പനി നേടിയിരിക്കുന്നത്. മുൻ വർഷം ഇതേ കാലയളവിൽ 6,301.19 കോടി രൂപയായിരുന്നു വരുമാനം. അതേസമയം, 2022 ഡിസംബർ 31- ന് അവസാനിച്ച ഒമ്പത് മാസക്കാലയളവിൽ കമ്പനിയുടെ മൊത്തം വരുമാനം 23,858.50 കോടി രൂപയാണ്. കൂടാതെ, നികുതിക്ക് ശേഷമുള്ള ലാഭം 622.73 കോടി രൂപയാണ്.ഇന്ത്യയിലെ ഏറ്റവും വലിയ ഓയിൽ പാം പ്ലാന്റേഷൻ കമ്പനികളിൽ ഒന്നാണ് പതഞ്ജലി ഫുഡ്സ്. ഓയിൽ പാം ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി പ്രത്യേക പദ്ധതികൾക്ക് പതഞ്ജലി ഫുഡ്സ് രൂപം നൽകിയിട്ടുണ്ട്. ഇതിനോടൊപ്പം തന്നെ ഓയിൽ പാമിന്റെ ശേഷി വികസിപ്പിക്കുന്നതിൽ പ്രത്യേക ഊന്നൽ നൽകാനും പദ്ധതിയുണ്ട്. നിലവിൽ, അരുണാചൽ പ്രദേശ്, ആസാം, ത്രിപുര, നാഗാലാൻഡ്, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളിലെ സർക്കാരുമായി കമ്പനി ധാരണാപത്രത്തിൽ ഏർപ്പെട്ടിട്ടുണ്ട്.