ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫിന് വന്‍ നേട്ടമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫിന് വന്‍ നേട്ടമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആറ് സീറ്റുകളുണ്ടായിരുന്ന യു ഡി എഫ് പതിനൊന്ന് സീറ്റ് നേടി വളകെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഇടതുമുന്നണിയില്‍ നിന്നും ആറ് സീറ്റുകള്‍ യു ഡി എഫ് പിടിച്ചെടുത്തുവെന്നും വി ഡി സതീശന്‍ പറഞ്ഞു.പിണറായി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനും അഹങ്കാരത്തിനും ജനം നല്‍കിയ തിരിച്ചടിയാണിതെന്നും സതീശന്‍ പറഞ്ഞു.തുടര്‍ ഭരണം എന്തും ചെയ്യാനുള്ള ലൈസന്‍സല്ല എന്ന് സി പി എം ഇനിയെങ്കിലും തിരിച്ചറിയണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നികുതിക്കൊള്ള ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതിപക്ഷ നിലപാടിനും സമരങ്ങള്‍ക്കും ജനങ്ങള്‍ നല്‍കിയ അംഗീകാരമായി കൂടി ഈ ഉപതെരഞ്ഞെടുപ്പ് വിജയത്തെ കാണുന്നു.കഴിഞ്ഞ തദ്ദേശ ഉപതെരഞ്ഞെടുപ്പിലും മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പിലും യു.ഡി.എഫിന് ലഭിച്ച ഉജ്ജ്വല വിജയത്തിന്റെ തുടര്‍ച്ചയാണിത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് വിജയക്കൊടി പാറിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.