ജെ.സി സാനിയേലിൻ്റെ ഓപ്പൺ തിയേറ്റർ ജനങ്ങൾക്കായി നഗരസഭ തുറന്നു

നെയ്യാറ്റിൻകര : മലയാള ചലച്ചിത്രത്തിൻ്റെ പിതാവ് ജെ.സി സാനിയേലിൻ്റെ സ്മരണയ്ക്കായി നഗരസഭ ഒരുക്കിയ ഓപ്പൺ തിയേറ്റർ തുറന്നു. നഗരസഭാ സ്റ്റേഡിയത്തിലെ ജെസി ഡാനിയേൽ പാർക്കിനു സമീപം 84 ലക്ഷം രൂപ ചെലവിട്ടാണ് നിർമാണം പൂർത്തീകരിച്ചത്. സിനിമാ പ്രദർശനത്തിനു കൂടി വേദിയാക്കുന്നതരത്തിലാണ് തുറന്നവേദി നിർമിച്ചത്.മലയാളത്തിലെ ആദ്യ ചലച്ചിത്രമായ വിഗതകുമാരൻ്റെ സൃഷ്ടാവ് ജോസഫ് ചെല്ലയ്യ ഡാനിയേൽ നാടാർ എന്ന ജെ.സി.ഡാനിയേ ലായിരുന്നു. ദന്ത ഡോക്ടറായിരുന്ന ജെ.സി.ഡാനിയേൽ, നെയ്യാറ്റിൻകരയിൽ താമസിക്കുകയും ഇവിടെ ക്ലിനിക് നടത്തുകയും ചെയ്തിരുന്നു. ജെ.സി.ഡാനിയേലിന്റെ ഓർമ്മയ്ക്കായി നഗരസഭാ സ്റ്റേഡിയത്തിന് പിന്നിലായി അഞ്ചുലക്ഷം രൂപ ചെലവിൽ പാർക്ക് നിർമിച്ചിരുന്നു. പാർക്കിൽ സ്ഥാ പിക്കാനുള്ള പ്രതിമ നിർമിച്ചുനൽകിയത് ജെ.സി.ഡാനിയേൽ നാഷണൽ ഫൗണ്ടേഷനാണ്. തുറന്നവേദി നിർമിക്കുന്നതിനായി 25 ലക്ഷം രൂപ സാംസ്കാരികവകുപ്പ് നൽകി. ബാക്കിത്തുക നഗരസഭയുടെ തനതുഫണ്ടിൽനിന്നാണ് കണ്ടെത്തിയത്.പടിക്കെട്ടുകളുടെ മാതൃകയിലാണ് ഇരിപ്പിടങ്ങൾ നിർമിച്ചിട്ടുള്ളത്. ഇരുനൂറ്റി അമ്പതോളം പേർക്ക് ഒരേസമയംഒത്തുകൂടാനുള്ള സൗകര്യമുണ്ട്.ചലച്ചിത്ര പ്രദർശനത്തിനായി 24 ലക്ഷം രൂപ ചെലവിൽ പ്രൊജക്ടർ സ്ഥാപിച്ച് ശബ്ദസംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.മലയാള ചലച്ചിത്രത്തിന്റെ പിതാവ് ജെ സി ഡാനിയേലിൻ്റെയും വിഗതകുമാരൻ്റെയും പഴയ ഓർമകൾ വിളിച്ചോതുന്ന ചരിത്രം പുതിയ തലമുറയ്ക്ക് പകർന്നു നൽകുന്നതിനുള്ള ഫലകങ്ങളും പഴയ ബ്ലാക്ക് ആൻ്റ് വൈറ്റ് – ചിത്രങ്ങളും പുനർസൃഷ്ടിച്ച് നഗരസഭയ്ക്ക് വേണ്ടി സുഗതസ്മൃതിയും, വീരരാഘവ സ്മൃതിയും ഒരുക്കിയ നെയ്യാർ വരമൊഴിയാണ് ഇത് സജ്ജീകരിച്ചത്.ദന്ത ഡോക്ടറായിരുന്ന ജെ.സി. ഡാനിയേൽ നിർമിച്ച് സംവിധാനംചെയ്ത ‘വിഗതകുമാരൻ’ എന്ന ചലച്ചിത്രം 1930 ഒക്ടോബർ 23-നാണ് പുറത്തിറങ്ങിയത്. കേരളത്തിലെ ആദ്യ സിനിമാ സ്റ്റുഡിയോയായ ട്രാവൻകൂർ നാഷണൽ പിക്ചേഴ്സ‌് തുടങ്ങിയതും ജെ.സി. ഡാനിയേലായിരുന്നു. കടബാധ്യതയിൽ മുങ്ങിയ ജെ.സി.ഡാനിയേൽ സ്റ്റുഡിയോ വിറ്റ് ജന്മനാടായ അഗസ്തീശ്വരത്ത് പോയി. അവിടെ ക്ലിനിക് നടത്തി.1975 ഏപ്രിൽ 27-ന് അന്തരിച്ചു.ജെ സി ഡാനിയേലിൻ്റെ സ്മരണയ്ക്കായി നഗരസഭ ഒരുക്കിയ ഓപ്പൺ തിയേറ്ററിൻ്റെ ഉദ്ഘാടനം സി കെ ഹരീന്ദ്രൻ എംഎൽഎ നിർവഹിച്ചു. ആദ്യ സിനിമയുടെ സ്വിച്ച് ഓൺ കർമ്മം കെ ആൻസലൻ എംഎൽഎ ചെയ്തു.യോഗത്തിൽ കെ ആൻസലൻ എംഎൽഎ അധ്യക്ഷനായി, നഗരസഭ ചെയർമാൻ പി കെ രാജമോഹനൻ സ്വാഗതം പറഞ്ഞു. . ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ ഡി സുരേഷ് കുമാർ ക്യാൻസർ രോഗികൾക്കുള്ള നഗരസഭയുടെ ധനസഹായ പദ്ധതിയായ ‘ജീവസന്ധ്യ’ പദ്ധതി ഉദ്ഘാടനം ചെയ്തു .ഡോ: എം ഫൈസൽ ഖാൻ ഡയാലിസിസ് രോഗികൾക്കുള്ള ധനസഹായ പദ്ധതി ‘ജീവശ്രീയുടെ’ ഉദ്ഘാടനം നിർവഹിച്ചു . , അമ്മ വൈസ് പ്രസിഡൻ്റ് ലക്ഷ്മി പ്രിയ , ചലച്ചിത്ര താരങ്ങളായ ധന്യ മേരി വർഗ്ഗീസ്,ശരത് ചന്ദ്രൻ, മുൻ നഗരസഭ ചെയർപേഴ്സൺ ഡബ്ല്യൂ ആർ ഹീബ , ജെ സി.ഡാനിയൽ ഫൗണ്ടേഷൻ ചെയർപേഴ്സൺ സോന എസ് നായർ, ഫൗണ്ടേഷൻ സെക്രട്ടറി സാബു കൃഷ്ണ, നഗരസഭ സ്ഥിരം സമിതി അംഗങ്ങളായ കെ കെ ഷിബു, എൻ കെ അനിതകുമാരി, ആർ അജിത, ഡോ : എം എ സാദത്ത് ,ബിജെപി പാർലമെന്ററി പാർട്ടി ലീഡർ ഷിബുരാജ് കൃഷ്ണ, വാർഡ് കൗൺസിലർ അലി ഫാത്തിമ, സിപിഐ എം ഏരിയ സെക്രട്ടറി റ്റി. ശ്രീകുമാർ, നഗരസഭ അസിസ്റ്റൻറ് എൻജിനീയർ പ്രീതി പ്രഭാകരൻ, നഗരസഭാ സെക്രട്ടറി ബി . സാനന്ദ സിംഗ് എന്നിവർ സംസാരിച്ചു . ചടങ്ങിൽ മുരുകൻ കൃഷ്ണപുരം വരച്ച സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ളയുടെ മണൽ ചിത്രം പി കെ രാജമോഹനൻ ഏറ്റുവാങ്ങി തുടർന്ന് സെല്ലുലോയ്ഡ് സിനിമ പ്രദർശനവും നടന്നു. എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം ഒ.റ്റി.റ്റി ഫ്ലാറ്റ്ഫോമിലുള്ള സിനിമകളുടെ പ്രദർശനവും ഉണ്ടാകുമെന്ന് ചെയർമാൻ പികെ രാജമോഹനൻ അറിയിച്ചു.

