ടൂറിസം വകുപ്പിന്റെ ‘വിഷൻ 2031 ലോകം കൊതിക്കും കേരളം’ സെമിനാർ: ഒക്ടോബർ 25-ന് കുട്ടിക്കാനം മരിയന്‍ കോളേജില്‍
ഇടുക്കി: കേരളത്തെ ലോകോത്തര ടൂറിസം കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ‘വിഷൻ 2031 ലോകം കൊതിക്കും കേരളം’ എന്ന ഏകദിന ശില്പശാല ശനിയാഴ്ച കുട്ടിക്കാനം മരിയന്‍ കോളേജില്‍ ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷനാകുന്ന ചടങ്ങിൽ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നയരേഖ അവതരിപ്പിക്കും. ടൂറിസം മേഖലയിലെ അക്കാദമിക് വിദഗ്‌ധർ, വിദ്യാർത്ഥികൾ, വ്യവസായ പ്രതിനിധികൾ, വിദേശ പ്രതിനിധികൾ, പ്രൊഫഷണലുകൾ, യുവ സംരംഭകർ, പൊതുപ്രവർത്തകർ എന്നിവർ പങ്കെടുക്കുന്ന ഈ സെമിനാറിൽ ടൂറിസത്തിന്റെ ഭാവി രൂപപ്പെടുത്താൻ സഹായകമായ തന്ത്രപരമായ ലക്ഷ്യങ്ങൾ, പുതിയ അവസരങ്ങൾ, പുതുമയാർന്ന സമീപനങ്ങൾ എന്നിവ ചർച്ച ചെയ്യും. സമ്പൂർണ്ണ സുരക്ഷ, ശുചിത്വം, സുസ്ഥിരത തുടങ്ങിയ വിഷയങ്ങൾ മുതൽ ഭാവിയിൽ ടൂറിസം മേഖലയുടെ സാമൂഹിക അടിത്തറയുടെ ആവശ്യകതയെക്കുറിച്ചും സെമിനാറിൽ ചർച്ച ചെയ്യും.ടൂറിസം മേഖലയുടെ സുസ്ഥിരമായ വികസനത്തെയും പ്രോത്സാഹനത്തെയും സഹായിക്കുന്നതാണ് ഈ സെമിനാറുകൾ. ടൂറിസം മേഖലയിലെ പ്രധാന വെല്ലുവിളികളും അവസരങ്ങളും ചർച്ച ചെയ്യുന്നതിനൊപ്പം, ഉത്തരവാദിത്ത ടൂറിസം, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ടൂറിസം, അനുഭവ ടൂറിസം, പുനരുജ്ജീവന ടൂറിസം, ഡിസൈന്‍ പോളിസിയ്ക്ക് അപ്പുറം, ടൂറിസം വിദ്യാഭ്യാസവും നൈപുണ്യവികസനവും, ടൂറിസം കേന്ദ്രങ്ങളുടെ രൂപകല്പന-വെല്ലുവിളികളും അവസരങ്ങളും, പുതിയ ടൂറിസം സാങ്കേതികവിദ്യകള്‍, പൈതൃക-സാംസ്ക്കാരിക-ആത്മീയ ടൂറിസം, ബിസിനസ് നവീകരണവും നിക്ഷേപ സാധ്യതകളും, സാഹസിക ടൂറിസം, മറ്റ് അനുബന്ധ ഉൽപ്പന്നങ്ങൾ എന്നിവയുമാണ് സെമിനാറിലെ പ്രധാന ചർച്ചാ വിഷയങ്ങൾ. ഈ സെമിനാറുകളിലൂടെ ഉരുത്തിരിയുന്ന ടൂറിസം മേഖലയുടെ വികസനവുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങളും നിർദ്ദേശങ്ങളും വകുപ്പിന്റെ തുടർ പ്രവർത്തനങ്ങൾക്ക് വഴികാട്ടിയാകാനാണ് ഉദ്ദേശിക്കുന്നത്. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി, എം.എൽ.എമാരായ എം.എം. മണി, പി.ജെ. ജോസഫ്, എ. രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഉഷാകുമാരി, കെ.ടി.ഡി.സി. ചെയർമാൻ ശ്രീ. പി.കെ. ശശി, കെ.ടി.ഐ.എൽ. ചെയർമാൻ ശ്രീ. സജീഷ് എസ്.കെ. എന്നിവർ പങ്കെടുക്കും.ടൂറിസം വകുപ്പ് സെക്രട്ടറി കെ. ബിജു റിപ്പോർട്ട് അവതരിപ്പിക്കും. ഇടുക്കി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് സ്വാഗതവും ടൂറിസം വകുപ്പ് ഡയറക്ടർ ശിഖാ സുരേന്ദ്രൻ നന്ദിയും പറയും. സെമിനാറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് മുഖേന രജിസ്റ്റർ ചെയ്യാം: https://www.keralatourism.org/vision-2031 . കൂടുതൽ വിവരങ്ങൾക്കായി കേരള ടൂറിസം വെബ്സൈറ്റ് സന്ദർശിക്കുകയോ keralatourism.vision.2031@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

