ബാങ്ക് സ്വകാര്യവൽക്കരണം രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകർക്കും:മീനാങ്കൽ കുമാർ

തിരുവനന്തപുരം : രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവൽക്കരണം ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയുടെ അടിത്തറ തകർക്കുമെന്ന് എഐടിയുസി ദേശീയ കൗൺസിൽഅംഗവും ജില്ലാ സെക്രട്ടറിയുമായ മീനാങ്കൽ കുമാർ പറഞ്ഞു. ഐ ഡി ബി ഐ ബാങ്ക് വിദേശ കുത്തകകൾക്ക് സ്വകാര്യവൽക്കരണത്തിലൂടെ കൈമാറുന്നതിനുള്ള കേന്ദ്രസർക്കാർ നയത്തിനെതിരെ യുണൈറ്റഡ് ഫോറം ബാങ്ക് ഓഫീസേഴ്സ് & എംപ്ലോയീസിന്റെ നേതൃത്വത്തിൽ നടന്ന രാജ്യവ്യാപക പണിമുടക്കിന്റെ ഭാഗമായി വഴുതക്കാട് ഹെഡ് ഓഫീസിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണം സർക്കാരിന്റെ നിരവധി പദ്ധതികൾ ജനങ്ങളിൽ എത്തിക്കുന്നതിന് തടസ്സമാകും. നിക്ഷേപകരുടെ നിക്ഷേപത്തിന് സുരക്ഷാ നഷ്ടമാകും, കാർഷിക- തൊഴിൽ- ചെറുകിട മേഖലകളുടെ വായ്പയും ഇടപാടുകളും ഇല്ലാതാകും. വിദ്യാഭ്യാസ വായ്പ ഉൾപ്പെടെയുള്ള വായ്പകൾ നിഷേധിക്കപ്പെടും. വൻ വ്യവസായികൾക്കും കോർപ്പറേറ്റുകൾക്ക് മാത്രമായി ബാങ്കിംഗ് സേവനങ്ങൾ പരിമിതപ്പെടും. ബാങ്ക് ദേശസാൽക്കരണത്തിലൂടെ രാജ്യം കൈവരിച്ച പുരോഗതികൾ തകർക്കപ്പെടുമെന്നും ഇതിനെതിരെ ശക്തമായ ചെറുത്തുനിൽപ്പും അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓൾ ഇന്ത്യ ഐ ഡി ബി ഐ ഓഫീസേർസ് അസോസിയേഷൻ സെക്രട്ടറി ജയകലയുടെ അധ്യക്ഷതയിൽ നടന്ന ധരണയിൽ ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സുബിൻ ബാബു മുഖ്യപ്രഭാഷണം നടത്തി.