ഹെൽത്ത് കാർഡിൽ കൃത്രിമം കാണിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

Spread the love

ഭക്ഷ്യ മേഖലയിലെ തൊഴിലാളികൾക്കുള്ള ഹെൽത്ത് കാർഡിൽ കൃത്രിമം കാണിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഭക്ഷ്യവിഷബാധ സംബന്ധിച്ച അടിയന്തരപ്രമേയ നോട്ടിസിനു മറുപടി പറയുകയായിരുന്നു മന്ത്രി.എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഭക്ഷ്യ സുരക്ഷാ പരിശോധനകളില്‍ വലിയ വർധനയുണ്ടായെന്നു മന്ത്രി പറഞ്ഞു. സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ വീഴ്ച കണ്ടെത്തിയാൽ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുന്നു. 2012–13 കാലയളവിൽ 1358 പരിശോധനയാണ് നടന്നത്. 2016–17 വർഷത്തിൽ 5497 പരിശോധന നടന്നു. കഴിഞ്ഞ വർഷം നടത്തിയത് 44,676 പരിശോധനയാണ്. ഹോട്ടലുകളുടെ ശുചിത്വം വിലയിരുത്താനുള്ള ആപ്പ് അടുത്ത ആഴ്ച പ്രവർത്തന സജ്ജമാകുമെന്നും മന്ത്രി പറ‍ഞ്ഞു.ഭക്ഷ്യ സുരക്ഷാ പ്രശ്നങ്ങൾ കാരണം റസ്റ്ററന്റുകളിൽ കയറുന്ന ആളുകളുടെ എണ്ണം കുറഞ്ഞതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഹെൽത് സർട്ടിഫിക്കറ്റ് വാങ്ങാൻ സുതാര്യമായ സംവിധാനം ഉണ്ടാക്കണം. പല റസ്റ്ററന്റുകളും ആരംഭിക്കുന്നത് ആരോഗ്യവകുപ്പ് അറിയുന്നില്ല. സ്ഥാപനങ്ങൾക്കു രേഖകളില്ലാതെ ലൈസൻസ് കൊടുക്കുന്നതായാണ് സി ആൻഡ് എജി റിപ്പോർട്ട്. തട്ടുകടകളിൽ 9% മാത്രമാണ് പരിശോധന. ആരോഗ്യവകുപ്പിലെ സംവിധാനങ്ങൾ കുത്തഴിഞ്ഞു. പിതാവിന്റെ ശരീരം ഏറ്റുവാങ്ങാൻ ചെന്ന യുവാവിനെയാണു മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാർ ക്രൂരമായി മർദിച്ചതെന്നും വി.ഡി.സതീശൻ പറഞ്ഞു.ഉദ്യോഗസ്ഥർ 300 രൂപ വാങ്ങി ഹെൽത് കാർഡ് നൽകുകയാണെന്ന് അടിയന്തര പ്രമേയ നോട്ടിസ് നൽകികൊണ്ട് അനൂപ് ജേക്കബ് പറഞ്ഞു. നൽകിയ കാർഡുകളെല്ലാം പരിശോധിച്ചാണു നൽകിയതെന്നു സർക്കാരിന് ഉറപ്പ് നൽകാൻ കഴിയുമോ എന്ന് അനൂപ് ജേക്കബ് ചോദിച്ചു. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട അനേകം കേസുകൾ കെട്ടികിടക്കുകയാണ്. ഭക്ഷ്യസുരക്ഷയിൽ സംസ്ഥാനം രണ്ടാം സ്ഥാനത്തുനിന്ന് ഏഴാം സ്ഥാനത്തേക്കു കൂപ്പുകുത്തിയെന്നും അനൂപ് ജേക്കബ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *