പഴശ്ശി പദ്ധതിയുടെ ഇന്നത്തെ കാഴ്ച അതീവ ദയനീയം
ഇരിട്ടി : പ്രതിദിനം 190 ദശലക്ഷം ലിറ്റർ കുടിവെള്ളം കണ്ണൂർ ജില്ലയിലെ വിവിധ മേഖലകളിലേക്ക് വിതരണം ചെയ്യുന്ന പഴശ്ശി പദ്ധതിയുടെ ഇന്നത്തെ കാഴ്ച അതീവ ദയനീയമാണ്. പദ്ധതിയുടെ ജല സ്ത്രോതസ്സായ ബാവലി , ബാരാപ്പോൾ പുഴകൾ ഒഴുകിയെത്തുന്ന പായം, ആറളം, അയ്യൻകുന്ന്, മുഴക്കുന്ന്, കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിൽ നിന്നും ഇരിട്ടി നഗരസഭയിൽ നിന്നും തള്ളുന്ന മാലിന്യങ്ങൾ ഒഴുകിയെത്തി കുമിഞ്ഞുകൂടി കിടക്കുന്ന പദ്ധതി പ്രദേശം കാണുന്നവർ മൂക്കത്തു വിരൽ വെച്ച് ചോദിക്കുകയാണ് ഇതോ ജില്ലയുടെ ദാഹാദായിനി.ഓരോ കാലവര്ഷത്തിലും ഇതുപോലെ മാലിന്യങ്ങൾ ഒഴുകിയെത്താറുണ്ടെങ്കിലും ഇത്തവണ ഒഴുകി അണക്കെട്ടിൽ ഷട്ടറുകൾക്കു സമീപം അടഞ്ഞുകൂടിയിരിക്കുന്നത് ലോഡുകണക്കിന് പ്ലാസ്റ്റിക്ക് കുപ്പികളും മറ്റു മാലിന്യങ്ങളുമാണ്. സാധാരണ ഇടവപ്പാതി തുടങ്ങുന്നതോടെ തുറക്കുന്ന പഴശ്ശിയുടെ ഷട്ടർ അടക്കുന്നത് നവംബർ ഡിസംബർ മാസത്തോടെയാണ്. അതുകൊണ്ടുതന്നെ അഞ്ച് മാസത്തിലേറെ ഷട്ടറുകൾ തുറന്നു കിടക്കുന്നതിനാൽ മഴക്കാലത്തു ഒഴുകിയെത്തുന്ന മാലിന്യങ്ങളെല്ലാം വളപട്ടണം പുഴയിലേക്ക് ഒഴുകിപ്പോവുകയാണ് ചെയ്യുന്നത്. ഇത്തവണ മഴക്കുറവ് കാരണം ഒരു മാസം മാത്രമാണ് ഷട്ടർ മുഴുവൻ തുറന്നിട്ടിരുന്നത്. വെള്ളക്ഷാമം രൂക്ഷമാകാനിടയുണ്ടെന്നത് കണക്കിലെടുത്ത് ഷട്ടർ അടച്ച് വെള്ളം ശേഖരിക്കുകയായിരുന്നു. ഇടയ്ക്കിടെ പെയ്യുന്ന ശക്തമായ മഴയിൽ ജലനിരപ്പ് ഉയരുന്നത് ഷട്ടറുകൾ അൽപ്പം ഉയർത്തി വെള്ളം ക്രമീകരിക്കുന്നുണ്ടെകിലും ഈ സമയത്ത് ബാവലി ബാരാപ്പോൾ പുഴകളിലൂടെ ഒഴുകിവരുന്ന മാലിന്യങ്ങൾ ഷട്ടറിനു സമീപം വന്നു കുമിഞ്ഞു കൂടുകയാണ്.എന്നാൽ ജില്ലയിലെ മൂന്നിൽ രണ്ട് ഭാഗങ്ങളിലും കുടിവെള്ളം എത്തിക്കുന്ന പഴശ്ശി പദ്ധതിയെ മാലിന്യമുക്തമാക്കാനുള്ള നടപടികൾ ഇരിട്ടി നഗരസഭ ആരംഭിച്ചു. പഴശ്ശിയുടെ തീരങ്ങളിൽ നിന്നും കാലവർഷത്തിൽ റിസർവോയറിലേക്ക് ഒഴുകിയെത്തിയ മാലിന്യ കൂമ്പാരം നീക്കം ചെയ്ത് മാലിന്യ മുക്തമാക്കാനുള്ള ദീർഘകാല പദ്ധതിയാണ് ഇപ്പോൾ പരിഗണനയിലുള്ളത്. ഇതിനായി ഇരിട്ടി നഗരസഭ മുൻകൈയെടുത്ത് മേഖലയിലെ ഗ്രാമപഞ്ചായത്തുകളുടെ കൂട്ടായ്മ്മ രൂപപ്പെടുത്തു. മേഖലയിലെ മേൽപ്പറഞ്ഞ എട്ടോളം പഞ്ചായത്തുകളാണ് പദ്ധതിയുടെ പരിധിയിൽ വരുന്നത്. ഇവിടങ്ങളിലെ ചെറുതോടുകളിലും നീരുറവകളിലും കുറ്റിക്കാടുകളിലും പദ്ധതിയുടെ പുഴ പുറമ്പോക്ക് ഭൂമിയിലും വലിച്ചെറിയുന്ന മാലിന്യങ്ങളാണ് മഴക്കാലങ്ങളിൽ റിസർവോയറിലേക്ക് ഒഴുകിയെത്തുന്നത്. ഇത്തവണ വന്നടിഞ്ഞ ലോഡുകണക്കിന് പ്ലാസ്റ്റിക്ക് കുപ്പികളും മറ്റ് മാലിന്യങ്ങളും വെള്ളത്തിൽ നിന്നും നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ജനകീയ കൂട്ടായ്മ്മയിൽ നടപ്പിലാക്കും.ബാവലി, ബാരപോൾ പുഴകൾ ഇരിട്ടിയിൽ സംഗമിച്ചാണ് ഇരിട്ടി പുഴയായി പഴശ്ശിയിലേക്ക് ഒഴുകിയെത്തുന്നത്. രണ്ടു പുഴകളും അതിരിട്ടൊഴുകുന്ന മേഖലയിലെ പഞ്ചായത്ത് പ്രസിഡണ്ട് ,സെക്രട്ടറി, ആരോഗ്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി അധ്യക്ഷൻ, മറ്റ് ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, പഴശ്ശി ജലസേചന വിഭാഗം ഉദ്യോഗസ്ഥർ എന്നിവരുടെ കൂട്ടായ്മ്മയിൽ ബോധവത്ക്കരണത്തോടൊപ്പം മാലിന്യ വലിച്ചെറിയുന്നവർക്കെതിരെയുള്ള നടപടികളുമാണ് ലക്ഷ്യം വെക്കുന്നത്. ഇവരുടെ നേതൃത്വത്തിൽ പദ്ധതി പ്രദേശങ്ങളിലൂടെ സർവ്വെ നടത്തി മാലിന്യം വലിച്ചെറിയുന്ന മേഖലകൾ കണ്ടെത്തി നടപടികളുണ്ടാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ഇരിട്ടി നഗരസഭാ ചെയർ പേഴ്‌സൺ കെ. ശ്രീലത പറഞ്ഞു.ജില്ലയുടെ കുടിവെള്ള ദായിനിയായ പഴശ്ശിയിൽ നിന്നും കുടിവെള്ളമെത്തിക്കുന്നത് ഒരു കോർപ്പറേഷൻ, ഏഴ് നഗരസഭ, 36 പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ്. ഇതിനായി അഞ്ച് വലിയ കുടിവെള്ള പദ്ധതികളാണ് ഇവിടെ പ്രവർത്തിക്കുന്നത്. കൂടാതെ മറ്റ് അഞ്ചോളം ചെറുകിട പദ്ധതികളും പദ്ധതിയിൽ പ്രവർത്തിക്കുന്നുണ്ട് . 1,20000ത്തോളം ഗാർഹിക കണക്ഷനുകളും 5000ത്തോളം പൊതുടാപ്പുകളും പദ്ധതിയുടെ ഭാഗമായുണ്ട്. പഴശ്ശിയിൽ നിന്നുള്ള വെള്ളമാണ് കണ്ണൂർ വിമാനത്താവളത്തിലും ജില്ലയിലെ പ്രധാന നഗരങ്ങളിലുമെല്ലാം കുടിവെള്ളമായി എത്തുന്നത്. വെള്ളം മലിനമാക്കുന്നവർ തന്നെയാണ് ഇതിന്റെ ഉപഭോക്‌താക്കളും.