വർക്കല നഗരസഭയിൽ വികസന സദസ്സ് സംഘടിപ്പിച്ചു

Spread the love

സംസ്ഥാന സർക്കാരിന്റെയും വർക്കല നഗരസഭയുടെയും നേട്ടങ്ങൾ ചർച്ച ചെയ്യുന്ന വികസന സദസ്സിന്റെ ഉദ്ഘാടനം വി. ജോയി എം.എൽ.എ നിർവഹിച്ചു. വർക്കല ടൗൺ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ മാലിന്യ സംസ്‌കരണം ഉൾപ്പടെയുള്ള കാര്യങ്ങളിൽ ഏറ്റവും മുന്നിലാണ് വർക്കല നഗരസഭയെന്നും എല്ലാ വാർഡിലും നല്ല രീതിയിൽ വികസനം എത്തിക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബർ 23-ന് നഗരസഭയിൽ പൊതുശ്മശാനത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നതോടെ വർക്കല നിവാസികളുടെ ഏറെക്കാലമായുള്ള ആവശ്യം നിറവേറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് ആദ്യമായി ഗാർഹിക ബയോമെഡിസിൻ-സാനിറ്ററി മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്‌കരണത്തിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്ലാൻറ് സ്ഥാപിക്കാൻ കഴിഞ്ഞത് വർക്കല നഗരസഭയുടെ പ്രധാന നേട്ടമാണ്. അടിസ്ഥാന സൗകര്യ വികസനം, തൊഴിലുറപ്പ് പദ്ധതിയുടെ വിജയം, വയോജന- ഭിന്നശേഷി വ്യക്തികൾക്ക് സൗജന്യമായി നൽകുന്ന ആരോഗ്യ പരിചരണം, വിദ്യാഭ്യാസം, കാർഷികം, റോഡ് വികസനം തുടങ്ങിയവയിലെ വിവിധ വികസന നേട്ടങ്ങളും ചർച്ചയായി.വർക്കല മുനിസിപ്പൽ ചെയർമാൻ കെ.എം. ലാജിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വർക്കല നഗരസഭാ സെക്രട്ടറി മിത്രൻ ജി, വർക്കല നഗരസഭാ വൈസ് ചെയർപേഴ്‌സൺ കുമാരി സുദർശിനി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ വിജി ആർ വി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സജ്നി മൻസാർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ നിതിൻ നായർ വി തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *