വില ഉയർന്നതോടെ സ്വർണക്കടത്തും വർധിച്ചു; കടത്തുകാർക്ക് ലഭിക്കുക ലക്ഷങ്ങൾ

Spread the love

മുംബൈ: ഉത്സവകാലത്ത് സ്വർണവില വൻതോതിൽ ഉയർന്നതോടെ കള്ളക്കടത്തും വർധിക്കുന്നതായി റിപ്പോർട്ട്. വില ഉയർന്നതോടെ കള്ളക്കടത്ത് വലിയ രീതിയിൽ വർധിച്ചതായി സ്വർണവ്യാപാര മേഖലയിലുള്ളവർ തന്നെ പറയുന്നു. ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്നും ആറിലേക്ക് കേന്ദ്രസർക്കാർ കുറച്ചതിനെ തുടർന്ന് സ്വർണക്കള്ളക്കടത്തിൽ ചെറിയ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ, വില ഉയർന്നതോടെ കള്ളക്കടത്ത് പൂർവാധികം ശക്തിയാർജിച്ചിരിക്കുകയാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ആറ് ശതമാനം ഇറക്കുമതി തീരുവയും മൂന്ന് ശതമാനം വിൽപന നികുതിയും സ്വർണത്തിന് സർക്കാർ ചുമത്തുന്നുണ്ട്. കള്ളക്കടത്തിലൂടെ ഇതിൽ ഇളവ് നേടാനാണ് എല്ലാവരും ശ്രമിക്കുന്നത്. ഒരു കിലോ സ്വർണം കടത്തി ഇന്ത്യയിലെത്തിച്ചാൽ ഏകദേശം 10 ലക്ഷം രൂപയായിരിക്കും ലാഭം കിട്ടുക. നേരത്തെ ഇറക്കുമതി തീരുവ കുറച്ചതിനെ തുടർന്ന് സ്വർണ്ണക്കള്ളക്കടത്തിലൂടെ ലഭിക്കുന്ന ലാഭം 6,30,000 രൂപയായി കുറഞ്ഞിരുന്നു. എന്നാൽ, വീണ്ടും വില ഉയർന്നതോടെ സ്വർണക്കടത്ത് വൻതോതിൽ വർധിച്ചുവെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരും മേഖലയിൽ പ്രവർത്തിക്കുന്ന വ്യാപാരികളും തന്നെ സാക്ഷ്യപ്പെടുത്തുന്നത്. 2024-25 സാമ്പത്തിക വർഷത്തിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട 3005 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2.6 മെട്രിക് ടൺ സ്വർണം പിടിച്ചെടുക്കുകയും ചെയ്തു. നടപടികൾ ശക്തമാക്കിയെങ്കിലും വില ഉയർന്നതോടെ കള്ളക്കടത്ത് വീണ്ടും വർധിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *