അരിയും പലചരക്കും ഇനി റെയിൽവേ സ്റ്റേഷനിൽ കിട്ടും; കൂടുതലുള്ള സ്ഥലത്ത് കടകൾ അനുവദിക്കും
പാലക്കാട് : ട്രെയിനിൽ നിന്നിറങ്ങി റെയിൽവേ സ്റ്റേഷനിൽ നിന്നു തന്നെ അരിയും പലവ്യഞ്ജനവും പച്ചക്കറിയും വാങ്ങി ഇനി വീട്ടിൽ പോകാം.റെയിൽവേ സ്റ്റേഷനിൽ കൂടുതലുള്ള സ്ഥലം ഫലപ്രദമായി ഉപയോഗിച്ചു വരുമാനം വർധിപ്പിക്കാനും യാത്രക്കാർക്കു കൂടുതൽ സേവനം നൽകാനുമാണു റെയിൽവേ പുതിയ കടകൾക്കു സൗകര്യമൊരുക്കുന്നത്. മസാജ് ചെയർ, ഐസ്ക്രീം പാർലർ തുടങ്ങിയവ ആരംഭിച്ചു. ചെരിപ്പുകടകൾക്കും ഫോട്ടോസ്റ്റാറ്റ് കടകൾക്കും സ്റ്റേഷനറി, പലചരക്ക്, ഗിഫ്റ്റ് ഷോപ്പുകൾക്കും ടെൻഡർ വിളിച്ചിട്ടുണ്ട്.വസ്ത്രങ്ങളും മൊബൈൽ ഫോണും വരെ ലഭ്യമാക്കും. ഇരുചക്രവാഹനങ്ങൾ വാടകയ്ക്കു നൽകുന്ന സംവിധാനത്തിനും നടപടിയായി. പഴക്കടകളും വരും. ഉപയോഗിക്കാതെ കിടക്കുന്ന റെയിൽവേ സ്ഥലത്തു ഹാളുകൾ നിർമിക്കാനും തീരുമാനിച്ചിട്ടുണ്ട്. മെഡിക്കൽ കിയോസ്ക്കുകളും സ്ഥാപിക്കും. പ്രധാന സ്റ്റേഷനുകളിൽ നിന്നു വിവിധ സ്ഥലങ്ങളിലേക്കു യാത്ര ചെയ്യാൻ വാടകയ്ക്കു വാഹനം നൽകാനുള്ള കേന്ദ്രങ്ങളും പരിഗണിക്കുന്നു. സ്ഥലലഭ്യതയനുസരിച്ചു തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ മിക്ക സ്റ്റേഷനുകളിലും ഇവ ലഭ്യമാകും.10 ദിവസത്തിലധികം കടകൾ തുറക്കാത്ത സാഹചര്യമുണ്ടായാൽ ലൈസൻസ് റദ്ദാക്കും. വസ്തുക്കളുടെ ഗുണമേന്മയും ന്യായവിലയും അതതു വകുപ്പുകൾ പരിശോധിച്ച് ഉറപ്പാക്കും.