പ്ലാവിനൊപ്പം കടത്തിയത് ലക്ഷങ്ങളുടെ തേക്ക്, തട്ടിപ്പ് പാളിയത് വനംവകുപ്പ് പരിശോധനയിൽ
അനധികൃതമായി കടത്താൻ ശ്രമിച്ച തേക്ക് തടി വനംവകുപ്പ് പിടികൂടി. നഗരൂർ തേക്കിൻകാട് ഭാഗത്ത് നിന്ന് പാസില്ലാതെ കടത്താൻ ശ്രമിച്ച തേക്കിൻ തടിയും ഇതിനായി ഉപയോഗിച്ച ലോറിയും പാലോട് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നഗരൂർ വെള്ളല്ലൂർ പുണർതത്തിൽ സുഗുണൻ, കരവാരം ഷഹാനി മൻസിലിൽ ഷംനാദ്, വർക്കല വെട്ടിയറ തെങ്ങുവിള വീട്ടിൽ സെയ്ഫുദ്ദീൻ എന്നിവരെയും തേക്ക് കടത്താൻ ശ്രമിച്ച സ്വരാജ് മസ്ദയും വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. പ്ലാവ് തടി വാങ്ങിയതിനുശേഷം ഇതിന്റെ മറവിലാണ് ഇവർ തേക്ക് തടി കടത്തിയത്. നഗരൂർ ഭാഗത്ത് നിന്നും കൊണ്ടുവന്നതും തേക്ക് തടി വാഹനത്തിൽ കൊണ്ടു പോകുന്നതിന് ആവശ്യമായ പാസ് ഇല്ലാത്തതുമാണ് വാഹനം ഉൾപ്പടെ കസ്റ്റഡിയിലെടുത്തതിന് കാരണമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ വിശദമാക്കുന്നത്. തേക്കിൻകാട് ഭാഗത്ത് നിന്നും മുറിച്ചെന്നാണ് ഇവർ പറഞ്ഞത്. ഇത് കണക്കിലെടുത്ത് അന്വേഷണം നടത്തുകയാണെന്ന് പാലോട് റേഞ്ച് ഓഫീസർ പറഞ്ഞു

