ഫയലുകൾ വൈകിപ്പിക്കരുത്‌; ഉദ്യോഗസ്ഥർക്ക്‌ കർശന നിർദ്ദേശവുമായി മന്ത്രി വി ശിവൻകുട്ടി

Spread the love

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും ജനസൗഹൃദവുമാക്കുന്നതിന് കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെയും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലെ ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫയലുകളിലെ കാലതാമസം ഒഴിവാക്കുന്നതിനും വിദ്യാർഥികൾക്ക് ആവശ്യമായ സേവനങ്ങൾ സമയബന്ധിതമായി നൽകുന്നതിനും ഉദ്യോഗസ്ഥർക്ക് മന്ത്രി കർശന നിർദേശം നൽകി.വകുപ്പിലെ എല്ലാ ഓഫീസുകളിലും പഞ്ചിങ്‌ സംവിധാനം കർശനമാക്കണം. എല്ലാ ഫയലുകളും പൂർണമായും ഇ- – ഓഫീസ് സംവിധാനത്തിലേക്ക് മാറ്റണം. മാന്വൽ ഫയലുകൾ ഉപയോഗിക്കുന്നത് പൂർണമായി അവസാനിപ്പിക്കണം. വകുപ്പിന്റെ വെബ്സൈറ്റിൽ എല്ലാ ഉദ്യോഗസ്ഥരുടെയും ഫോൺ നമ്പരുകൾ പ്രസിദ്ധീകരിക്കണം. അടിയന്തിരമായി തീരുമാനമെടുക്കേണ്ട ഫയലുകൾക്ക് പ്രത്യേക പരിഗണന നൽകണം. ഫയലുകൾ ഒരു ഓഫീസിൽനിന്ന് മറ്റൊരു ഓഫീസിലേക്ക് അയച്ചാൽ മാത്രം ഉത്തരവാദിത്തം തീരുന്നില്ലെന്നും, തുടർനടപടികൾ ഉറപ്പാക്കാൻ സെക്ഷൻ സൂപ്രണ്ടുമാർ ശ്രദ്ധിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. വിജിലൻസ്, പെൻഷൻ, ഓഡിറ്റ് ഫയലുകളിൽ കാലതാമസം കൂടാതെ തീർപ്പ് കൽപ്പിക്കണം.ഹയർസെക്കൻഡറി പുനർമൂല്യനിർണയം കഴിഞ്ഞ വിദ്യാർഥികളിൽ ഇനിയും സർട്ടിഫിക്കറ്റുകൾ ലഭിക്കാത്തവർക്ക് ഉടൻ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കണം. കൂടാതെ, പൊതുപരീക്ഷ എഴുതുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ആവശ്യമായ അധികസമയം, സ്ക്രൈബ് പോലുള്ള ആനുകൂല്യങ്ങൾ പരീക്ഷ തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുമ്പ്‌ അനുവദിച്ച് ഉത്തരവിറക്കണം.*ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യണം*വകുപ്പിലെ ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്ത് നികത്തണം. ഈ മാസം തന്നെ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) തസ്തികമാറ്റ നിയമന ഉത്തരവുകൾ നൽകണം. ഒക്‌ടോബർ ഒന്പതിന് അവസാനിക്കുന്ന യുപി സ്കൂൾ ടീച്ചർ റാങ്ക് ലിസ്റ്റുകളിൽനിന്നുള്ള നിയമന നടപടികൾ വേഗത്തിലാക്കാനും മന്ത്രി നിർദ്ദേശിച്ചു. 2025 ജൂലൈ ഒന്നുമുതൽ ആഗസ്‌ത്‌ 31 വരെ നടത്തിയ ഫയൽ അദാലത്തിൽ തീർപ്പാക്കാൻ ബാക്കിയുണ്ടായിരുന്ന 30,808 ഫയലുകളിൽ 15,886 എണ്ണം (51.56 ശതമാനം) തീർപ്പാക്കിയതായി യോഗം വിലയിരുത്തി. യോഗത്തിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ വാസുകി, പൊതു വിദ്യാഭ്യാസ ഡയറക്ടർ എൻ എസ് കെ ഉമേഷ്, സ്പെഷ്യൽ സെക്രട്ടറി എസ് ചിത്ര തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *