സംസ്ഥാന യൂത്ത് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ കമ്മിറ്റി പിരിച്ചുവിട്ട് ദേശീയ നേതൃത്വം

Spread the love

തിരുവനന്തപുരം: സംസ്ഥാന യൂത്ത് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ കമ്മിറ്റി പിരിച്ചുവിട്ട് ദേശീയ നേതൃത്വം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നേരെയുള്ള സൈബറാക്രമണത്തിന് പിന്നാലെയാണ് ദേശീയ നേതൃത്വത്തിന്റെ നടപടി. പുതിയ കമ്മിറ്റി രൂപീകരിക്കുമെന്ന് ദേശീയ ചെയര്‍മാന്‍ മനു ജെയിന്‍ അറിയിച്ചു.പിരിച്ചുവിട്ട കമ്മിറ്റിയില്‍ 12 അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഇവരില്‍ ഭൂരിഭാഗവും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അനുകൂലികളായിരുന്നുവെന്നാണ് വിവരം. സംസ്ഥാന യൂത്ത് കോണ്‍ഗ്രസിന്റെ യൂട്യൂബ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകള്‍ കൈകാര്യം ചെയ്തിരുന്നത് ഇവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയായിരുന്നു.നിലവില്‍ പ്രതിപക്ഷ നേതാവിനെതിരായ സൈബര്‍ ആക്രമണത്തിന് പിന്നില്‍ രാഹുല്‍ അനുകൂലികളാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് സോഷ്യല്‍ മീഡിയ കമ്മിറ്റി പിരിച്ചുവിട്ടതെന്നാണ് വിവരം.തുടര്‍ച്ചയായി ലൈംഗിക പരാതികള്‍ ഉയര്‍ന്നതോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വി.ഡി. സതീശന്‍ നിലപാട് കടുപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് രൂക്ഷമായ സൈബറാക്രമണമാണ് വി.ഡി. സതീശന്‍ നേരിട്ടത്. പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ അധിക്ഷേപ കമന്റുകള്‍ ഉയരുകയായിരുന്നു.കോണ്‍ഗ്രസിന്റെ പേരിലുള്ള സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്നാണ് അധിക്ഷേപങ്ങള്‍ ഉയര്‍ന്നത്. പിന്നാലെ സൈബര്‍ ബുള്ളിയിങ്ങിന് പിന്നില്‍ രാഹുല്‍-ഷാഫി അനുകൂലികളാണെന്നും ആരോപണമുണ്ടായിരുന്നു.ഇതേ തുടർന്ന് തനിക്കെതിരായ സൈബറാക്രമണത്തില്‍ വി.ഡി. സതീശന്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയിരുന്നു.കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി എന്നിവര്‍ക്ക് ഉള്‍പ്പെടെയാണ് വി.ഡി. സതീശന്‍ പരാതി നല്‍കിയത്. സൈബറാക്രമണത്തില്‍ കെ.പി.സി.സി സൈബര്‍ സെല്ലിലെ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വി.ഡി. സതീശന്റെ പരാതി.അടിയന്തരമായി നടപടിയും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു. 4000 സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ വിശദവിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് വി.ഡി. സതീശന്‍ പരാതിപ്പെട്ടത്.തനിക്കെതിരായ സൈബര്‍ ആക്രമണത്തിന് പിന്നില്‍ ലൈംഗിക ആരോപണങ്ങള്‍ നേരിടുന്ന പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മൂന്ന് അനുയായികളാണെന്നും സതീശന്‍ പരാതിയില്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *