കേരള-യൂറോപ്യന്‍ യൂണിയന്‍ കോണ്‍ക്ലേവ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Spread the love

തിരുവനന്തപുരം: സാമ്പത്തിക വളര്‍ച്ചയും പാരിസ്ഥിതിക സുസ്ഥിരതയും സന്തുലിതമാക്കുന്ന നീല സമ്പദ് വ്യവസ്ഥാ കാഴ്ചപ്പാട് കേരളം സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന ഫിഷറീസ് വകുപ്പ് കേന്ദ്ര സര്‍ക്കാരിന്‍റെയും യൂറോപ്യന്‍ യൂണിയന്‍റെയും സഹകരണത്തോടെ ‘രണ്ട് തീരങ്ങള്‍, ഒരേ കാഴ്ചപ്പാട്’ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച ബ്ലൂ ടൈഡ്സ്: കേരള-യൂറോപ്യന്‍ യൂണിയന്‍ കോണ്‍ക്ലേവ് കോവളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പരസ്പര ബഹുമാനത്തിലും മൂല്യങ്ങളിലും അധിഷ്ഠിതമായ കേരള-യൂറോപ്യന്‍ യൂണിയന്‍ സഹകരണം സമുദ്രാധിഷ്ഠിത വളര്‍ച്ചയുടെ സുസ്ഥിര വികസനത്തില്‍ ഇരു പങ്കാളികള്‍ക്കും ധാരാളം അവസരങ്ങള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. യൂറോപ്യന്‍ യൂണിയനുമായുള്ള സഹകരണം, നവീകരണം, സുസ്ഥിരത എന്നിവയിലെ സുപ്രധാന നാഴികക്കല്ലായ ഈ സമ്മേളനം സംഭാഷണത്തിന് വേണ്ടി മാത്രമല്ല, പൊതു ഭാവി രൂപപ്പെടുത്തുന്നതിനു കൂടി വേണ്ടിയാണ്.കേരളത്തിലെ സമൃദ്ധമായ ജലസ്രോതസ്സുകള്‍ കൃഷി, മത്സ്യബന്ധനം, വ്യവസായം തുടങ്ങിയ മേഖലകളുടെ വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനൊപ്പം സുസ്ഥിരതയും ഉറപ്പാക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഒരു ദശലക്ഷത്തിലധികം ആളുകള്‍ നേരിട്ടോ അല്ലാതെയോ മത്സ്യബന്ധനത്തെയും അനുബന്ധ പ്രവര്‍ത്തനങ്ങളെയും ആശ്രയിക്കുന്നുണ്ട്. മത്സ്യത്തൊഴിലാളികളെസമുദ്ര ജൈവവൈവിധ്യത്തിന്‍റെയും പരമ്പരാഗത അറിവിന്‍റെയും സംരക്ഷകര്‍ കൂടിയായിട്ടാണ് കേരളം കണക്കാക്കുന്നത്. സംസ്ഥാനം മത്സ്യബന്ധന തുറമുഖങ്ങള്‍ നവീകരിക്കുകയും ആഴക്കടല്‍ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുകയും പുതിയ സാങ്കേതികവിദ്യകള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. അതേസമയം ചെറുകിട പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങളും ഉപജീവനമാര്‍ഗ്ഗങ്ങളും സംരക്ഷിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. മത്സ്യബന്ധന മേഖലയില്‍ മൂല്യവര്‍ധനവ് വര്‍ധിപ്പിക്കുന്നതിനും സമുദ്രോത്പന്ന സംസ്കരണം ശക്തിപ്പെടുത്തുന്നതിനും കയറ്റുമതി വിപണികളെ വൈവിധ്യവല്‍ക്കരിക്കുന്നതിനും കേരളം ദൃഢനിശ്ചയത്തോടെയുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്.സാമൂഹിക പുരോഗതിക്കൊപ്പം നിക്ഷേപക സൗഹൃദ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനായി അടിസ്ഥാന സൗകര്യങ്ങളില്‍ കേരളം വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ദേശീയ പാതകള്‍, നവീകരിച്ച തുറമുഖങ്ങള്‍, മെച്ചപ്പെട്ട വിമാനത്താവള കണക്റ്റിവിറ്റി എന്നിവയിലൂടെ ഗതാഗത ശൃംഖലകള്‍ ആധുനികവല്‍ക്കരിച്ചു. വടക്ക്-തെക്ക് ഭാഗങ്ങളെ നാല് മണിക്കൂറിനുള്ളില്‍ ബന്ധിപ്പിക്കാന്‍ രൂപകല്‍പ്പന ചെയ്ത സില്‍വര്‍ ലൈന്‍ സെമി ഹൈ-സ്പീഡ് റെയില്‍ പദ്ധതി ഭാവിക്ക് അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള കേരളത്തിന്‍റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ്.വിഴിഞ്ഞം തുറമുഖം അന്താരാഷ്ട്ര വ്യാപാരത്തിലും ലോജിസ്റ്റിക്സിലും കേരളത്തിന്‍റെ പങ്ക് പുനര്‍നിര്‍വചിക്കുന്ന ആഗോള ട്രാന്‍സ്ഷിപ്പ്മെന്‍റ് ഹബ്ബായി ഉയര്‍ന്നുവരുന്നു. വളര്‍ന്നുവരുന്ന പുനരുപയോഗ ഊര്‍ജ്ജത്തിന്‍റെയും തടസ്സപ്പെടാത്ത വൈദ്യുതിലഭ്യതയുടെയും പിന്തുണയില്‍ വ്യവസായങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും ആത്മവിശ്വാസത്തോടെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കാനാകുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.സുസ്ഥിരവും സ്വീകാര്യവുമായ സംരംഭങ്ങളിലൂടെ രാജ്യത്തിന്‍റെ നീല സമ്പദ് വ്യവസ്ഥ വികസിപ്പിക്കുക എന്ന കേന്ദ്ര സര്‍ക്കാരിന്‍റെ കാഴ്ചപ്പാടില്‍ കേരളം സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് വിശിഷ്ടാതിഥിയായിരുന്ന കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി രാജീവ് രഞ്ജന്‍ സിംഗ് പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ സംരംഭങ്ങളുടെ ഫലമായി രാജ്യത്തിന്‍റെ മത്സ്യ ഉല്‍പാദനം ഗണ്യമായി വര്‍ദ്ധിച്ചു. ഇത് കയറ്റുമതി മേഖലയ്ക്ക് ഗുണം ചെയ്തുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കേരള-യൂറോപ്യന്‍ യൂണിയന്‍ സമ്മേളനം പങ്കാളിത്തങ്ങള്‍ കെട്ടിപ്പടുക്കുന്നതിനുള്ള വേദി മാത്രമല്ലെന്നും നിരവധി സുപ്രധാന പദ്ധതികളിലൂടെ നീല സമ്പദ് വ്യവസ്ഥയുടെ സുസ്ഥിര വികസനത്തിനായുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ പ്രതിഫലനം കൂടിയാണെന്ന് ഓണ്‍ലൈനായി സമ്മേളനത്തെ അഭിസംബോധന ചെയ്ത കേന്ദ്ര തുറമുഖ ഷിപ്പിംഗ് ജലപാത മന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു.ഇന്ത്യയെ വികസിത രാഷ്ട്രമാക്കുക എന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ദര്‍ശനത്തില്‍ നീല സമ്പദ് വ്യവസ്ഥയ്ക്ക് പ്രധാന സ്ഥാനമുണ്ടെന്ന് കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ക്ഷീര വികസന സഹമന്ത്രി ജോര്‍ജ് കുര്യന്‍ ചൂണ്ടിക്കാട്ടി. ഈ ശ്രമത്തില്‍ ശക്തമായ പങ്കാളിത്തങ്ങള്‍ വികസിപ്പിക്കേണ്ടത് പ്രധാനമാണെന്ന് പറഞ്ഞ കുര്യന്‍ ഇത്തരത്തിലൊരു കോണ്‍ക്ലേവ് സംഘടിപ്പിച്ചതിന് കേരളത്തെ പ്രശംസിച്ചു.ഇന്ത്യയിലെയും യൂറോപ്പിലെയും സ്വകാര്യ പങ്കാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മുന്നില്‍ കേരളത്തിന്‍റെ സാധ്യതകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള അവസരം കോണ്‍ക്ലേവ് തുറന്നിടുന്നുവെന്ന് ഇന്ത്യയിലെ യൂറോപ്യന്‍ യൂണിയന്‍ അംബാസഡര്‍ ഹെര്‍വ് ഡെല്‍ഫിന്‍ മുഖ്യപ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി. മത്സ്യബന്ധന മേഖലയില്‍ നവീകരണം, സുസ്ഥിരത, ഉപജീവനമാര്‍ഗ്ഗം ശക്തിപ്പെടുത്തല്‍ എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ കേരളം മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കേരളത്തിന്‍റെ മത്സ്യബന്ധനത്തിന്‍റെ ഭാവി നീല സമ്പദ് വ്യവസ്ഥയുടെ തത്വങ്ങള്‍ സ്വീകരിക്കുന്നതിലാണെന്ന് അധ്യക്ഷത വഹിച്ച ഫിഷറീസ് സാംസ്കാരിക യുവജനകാര്യ മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. സമുദ്ര ആവാസവ്യവസ്ഥ വരുമാന സ്രോതസ് എന്നതിലുപരി സംരക്ഷിക്കപ്പെടേണ്ട പൈതൃകമായിട്ടാണ് സംസ്ഥാനം കാണുന്നത്. അതുകൊണ്ടാണ് യൂറോപ്യന്‍ യൂണിയനുമായി സഹകരണം വര്‍ധിപ്പിക്കാന്‍ കേരളം ആഗ്രഹിക്കുന്നത്. യൂറോപ്പ് ലോകത്തിലെ ഏറ്റവും വലിയ സമുദ്രോത്പന്ന വിപണികളില്‍ ഒന്നാണ്. എന്നാല്‍ വ്യാപാരത്തിനപ്പുറം സംസ്കരണം, മൂല്യവര്‍ധനവ്, അക്വാകള്‍ച്ചറിലെ സാങ്കേതിക കൈമാറ്റം, സമുദ്ര ശാസ്ത്രത്തിലെ സഹകരണ ഗവേഷണം, മത്സ്യത്തൊഴിലാളികള്‍ക്കുള്ള പരിശീലന പരിപാടികള്‍ എന്നിവയിലെ സംയുക്ത സംരംഭങ്ങളില്‍ സാധ്യതകളുണ്ട്.തീരദേശ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുകയും മത്സ്യത്തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുക എന്നത് സംസ്ഥാന സര്‍ക്കാരിന്‍റെ പ്രധാന മുന്‍ഗണനയാണെന്ന് സജി ചെറിയാന്‍ വ്യക്തമാക്കി. സുസ്ഥിരവും ശാസ്ത്രീയവുമായ മത്സ്യബന്ധനത്തിലേക്കുള്ള മാറ്റത്തെ കേരളം പ്രോത്സാഹിപ്പിക്കുന്നു. പരമ്പരാഗത സംവിധാനങ്ങള്‍ക്കൊപ്പം ആധുനിക രീതികള്‍ക്കും സംസ്ഥാനം പ്രാധാന്യം നല്‍കുന്നുണ്ട്. സമുദ്ര സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് വിപുലമായ വിദ്യാഭ്യാസ, ഗവേഷണ, നവീകരണ പരിപാടികള്‍ക്ക് ഊന്നല്‍ നല്‍കുന്നുണ്ട്.തീരദേശ മണ്ണൊലിപ്പും ഉയരുന്ന സമുദ്രനിരപ്പും ഉണ്ടാക്കുന്ന വെല്ലുവിളികളെ നേരിടാന്‍ സംയോജിത തീരദേശ മാനേജ്മെന്‍റ് പദ്ധതികള്‍ സംസ്ഥാനം ഏറ്റെടുത്തിട്ടുണ്ട്. കാലാവസ്ഥാ പ്രവചനത്തിലും തീരദേശ എഞ്ചിനീയറിംഗിലും യൂറോപ്യന്‍ യൂണിയന്‍റെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.തുടര്‍ന്ന് സംസാരിച്ച പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാനുമായ എം.എ യൂസഫലി സംസ്ഥാനത്തെ മത്സ്യ സംസ്കരണ മേഖലയില്‍ മൂലധന നിക്ഷേപം നടത്തുന്നതിനുള്ള ലുലു ഗ്രൂപ്പിന്‍റെ താല്‍പര്യം അറിയിച്ചു.റവന്യൂ മന്ത്രി കെ.രാജന്‍, ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍, മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്, ആരോഗ്യ വനിതാ ശിശുക്ഷേമ മന്ത്രി വീണ ജോര്‍ജ്, മൃഗസംരക്ഷണ ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണി, കേരള സര്‍ക്കാരിന്‍റെ ഡല്‍ഹി പ്രതിനിധി കെ.വി തോമസ്, ഫിഷറീസ് ഡയറട്കര്‍ ചെല്‍സാസിനി വി. എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ.ജയതിലക് സ്വാഗതവും സംസ്ഥാന ഫിഷറീസ് വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി അബ്ദുള്‍ നാസര്‍ ബി നന്ദിയും രേഖപ്പെടുത്തി. 18 യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാരും പ്രതിനിധികളുമാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.സമ്മേളനത്തില്‍ നീല സമ്പദ് വ്യവസ്ഥയെക്കുറിച്ച് ഇന്ത്യയിലെയും യൂറോപ്പിലെയും വിദഗ്ധര്‍ ചിന്തകള്‍ പങ്കുവെക്കുകയും സഹകരണം ഉറപ്പ് നല്‍കുകയും ചെയ്തു. മറൈന്‍ ലോജിസ്റ്റിക്സ്, അക്വാകള്‍ച്ചര്‍, സമുദ്ര മത്സ്യബന്ധനം, തീരദേശ ടൂറിസം, പുനരുപയോഗ സമുദ്രോര്‍ജ്ജം ഹരിത സാങ്കേതികവിദ്യകള്‍ തുടങ്ങിയ മേഖലകളിലെ കേരള- യൂറോപ്യന്‍ യൂണിയന്‍ പങ്കാളിത്തവും നൈപുണ്യ വികസനം, അക്കാദമിക് സഹകരണം, തൊഴില്‍സാധ്യത, നയ നവീകരണം, സംയുക്ത ഗവേഷണ-വികസനം, സ്റ്റാര്‍ട്ടപ്പ് നവീകരണം എന്നിവയിലെ സംയുക്ത സംരംഭങ്ങളും സമ്മേളനം ചര്‍ച്ച ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *