അയ്യപ്പ സംഗമത്തില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി
കൊച്ചി: ആഗോള അയ്യപ്പ സംഗമത്തില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. ഇതില്‍ സര്‍ക്കാരിന്റെ റോള്‍ എന്താണ്?. അയ്യപ്പന്റെ പേരില്‍ പണം പിരിക്കാന്‍ കഴിയുമോയെന്നും ഹൈക്കോടതി ചോദിച്ചു. എന്നാല്‍ അയ്യപ്പന്റെ പേരില്‍ പണപ്പിരിവ് നടത്തുന്നില്ലെന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഹൈക്കോടതിയെ അറിയിച്ചു. പരിപാടി നടത്തിപ്പില്‍ ദേവസ്വം ബോര്‍ഡിനെ സഹായിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.ആഗോള അയ്യപ്പ സംഗമത്തില്‍ ആരെയൊക്കയാണ് ക്ഷണിക്കുന്നതെന്നും ഇവരെയൊക്ക എവിടെ താമസിപ്പിക്കുമെന്നും പണപ്പിരിവ് നടത്തിയാല്‍ ആ പണം എങ്ങനെ ഉപയോഗിക്കുമെന്നും ഹൈക്കോടതി ചോദിച്ചു. സര്‍ക്കാരിന് വേണ്ടി അഡ്വ. ജനറല്‍ കെ ഗോപലകൃഷ്ണക്കുറുപ്പ് നേരിട്ട് ഹാജരായി. ശബരിമല വികസനത്തിന് വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും ആരില്‍ നിന്നും നിര്‍ബന്ധിതമായി പണപ്പിരിവ് നടത്തുന്നില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. സ്‌പോണസര്‍ഷിപ്പ് വാങ്ങുന്നതിന് ഉദ്യോഗസ്ഥ തലത്തില്‍ ഒരു കമ്മിറ്റി ഉണ്ടാക്കിയിതായും 1300 കോടി രൂപയാണ് ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടത്തിപ്പിന് വേണ്ടി വരുന്നതെന്നും റോപ് വേ ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആരെങ്കിലും സഹായവുമായി എത്തിയാല്‍ സ്വീകരിക്കേണ്ടതില്ലേയെന്നും സര്‍ക്കാര്‍ അറിയിച്ചു.