വക്കം അബ്ദുല്‍ ഖാദറിന്റെ ജീവിതം പുതു തലമുറയ്ക്ക് ഊര്‍ജ്ജം പകരുന്നത്: മൂവാറ്റുപുഴ അഷറഫ് മൗലവി
തിരുവനന്തപുരം: ശഹീദ് വക്കം അബ്ദുല്‍ ഖാദറിന്റെ ജീവിതം പുതു തലമുറയ്ക്ക് ഊര്‍ജ്ജം പകരുന്നതാണെന്ന് എസ്ഡിപിഐ ദേശീയ സമിതി അംഗം മൂവാറ്റുപുഴ അഷറഫ് മൗലവി. നിര്‍ഭയത്വത്തോടെ, കീഴൊതുങ്ങാത്ത മനുഷ്യര്‍ക്ക് വേണ്ടി, സര്‍വ്വ സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടമായിരുന്നു വക്കം അബ്ദുല്‍ ഖാദറിന്റേതെന്നും അദ്ദേഹം അനുസ്മരിച്ചു. അദ്ദേഹം ഒരു സാമൂഹിക നേതാവായും കരുണയുടെ മുഖമായും മാറാൻ ഇടയാക്കി. രാജ്യ ചരിത്രത്തിൽ നിന്ന് മുസ്ലിംകളെ വെട്ടിമാറ്റുന്ന ഈ സാഹചര്യത്തിൽ ഇത്തരം അനുസ്മരണങ്ങൾ അനിവാര്യമാണ്. വക്കം അബ്ദുല്‍ ഖാദര്‍ രക്തസാക്ഷി ദിനത്തിന്റെ 82 വര്‍ഷങ്ങള്‍, ജീവിതം; സന്ദേശം എന്ന പ്രമേയത്തില്‍ പ്രസ്സ് ക്ലബ്ബില്‍ നടന്ന അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ശിഹാബുദ്ദീന്‍ മന്നാനി അധ്യക്ഷത വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ സാജിദ് ഖാലിദ്, വക്കം അബ്ദുല്‍ ഖാദറിന്റെ സഹോദര പുത്രന്‍ ഫാമി എ ആര്‍, മുസ്ലിം കോഡിനേഷന്‍ ചെയര്‍മാന്‍ കായിക്കര ബാബു, ഗ്രന്ഥകര്‍ത്താവ് എ എം നദവി, ആക്റ്റിവിസ്റ്റ് ജെ രഘു, എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി സലിം കരമന, ജില്ലാ സെക്രട്ടറിയേറ്റ് അംഗം സിയാദ് കണ്ടള സംസാരിച്ചു. വക്കത്തുള്ള വക്കം അബ്ദുൽ ഖാദറിന്റെ സ്മൃതി കുടീരത്തിൽ ജില്ലാ പ്രസിഡന്റ് ശിഹാബുദ്ദീൻ മന്നാനിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി.

