തെരുവുനായശല്യത്തിന് എ.ബി.സി. മതിയാകില്ല; ഷെൽട്ടറുകൾ നിർമിക്കണമെന്ന്; 2000 ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ മാത്രം വന്ധ്യംകരണം നടത്തണമെന്ന നിയമം പ്രായോഗികമല്ലെന്ന് മൃഗഡോക്ടർമാർ
സംസ്ഥാനത്ത് വർധിച്ചുവരുന്നതെരുവുനായശല്യത്തിന് നിലവിലെ അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി.) പദ്ധതിയിലൂടെ മാത്രം പരിഹാരം കാണാനാകില്ലെന്ന് മൃഗഡോക്ടർമാർ. തെരുവിൽനിന്ന് നായകളെ മാറ്റി പാർപ്പിക്കാനുള്ള ഷെൽട്ടറുകൾ നിർമിക്കുകയാണ് ശാശ്വതമായ പരിഹാരമെന്ന് അവർ. എ.ബി.സി. പദ്ധതിയിലെ കാലഹരണപ്പെട്ട നിയമങ്ങൾ മാറ്റണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു. 2023-ൽ പരിഷ്കരിച്ച എ.ബി.സി. നിയമത്തിൽ പ്രായോഗികമല്ലാത്ത പല നിബന്ധനകളുമുണ്ടെന്നാണ് പ്രധാന ആരോപണം.2000 ശസ്ത്രക്രിയകൾ നടത്തിയ ഡോക്ടർമാർ മാത്രമേ തെരുവുനായകളെ വന്ധ്യംകരണം ചെയ്യാവൂ എന്ന നിബന്ധന ഇതിൽ ഒന്നാണ്. ഇത് പ്രായോഗികമല്ലെന്നും, ഈ രീതിയിൽ മുന്നോട്ട് പോയാൽ പദ്ധതി പൂർത്തിയാകാൻ ഇനിയുമൊരു പത്തുവർഷമെടുക്കുമെന്നും വെറ്ററിനറി ഡോക്ടർമാരുടെ സംഘടന ചൂണ്ടിക്കാട്ടുന്നു.തെരുവിൽനിന്ന് നായകളെ മാറ്റി ഷെൽട്ടറുകളിൽ പാർപ്പിച്ച്, പ്രോട്ടോക്കോൾ പ്രകാരം വാക്സിനേഷൻ നൽകിയശേഷം വന്ധ്യംകരണം ചെയ്ത് തുറന്നുവിടുന്നതാണ് ഏറ്റവും ഉചിതമായ മാർഗം. എ.ബി.സി. നിയമത്തിൽ കാതലായ മാറ്റങ്ങൾ വരുത്തുന്നതിന് സംസ്ഥാന നിയമസഭ ഒറ്റക്കെട്ടായി നിയമനിർമാണം നടത്തണമെന്ന് ഡോക്ടർമാർ.