പാലക്കാട് ജില്ലാ ആശുപത്രിയില് ഗുരുതര ചികിത്സാ പിഴവെന്ന് ആരോപണം
പാലക്കാട് : ജില്ലാ ആശുപത്രിയിൽ ചികിത്സതേടിയതിന് പിന്നാലെ ശാരീരിക ബുദ്ധിമുട്ട് നേരിട്ടെന്ന ആരോപണവുമായി ആരോഗ്യ-വിദ്യാഭ്യാസ സംരക്ഷണസമിതിയുടെ സംസ്ഥാന പ്രസിഡന്റും പൊതുപ്രവർത്തകനുമായ എ.കെ. സുൽത്താൻ. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അധികൃതർക്ക് പരാതി നൽകി. പാലക്കാട് നരികുത്തി സ്വദേശിയായ സുൽത്താൻ ജൂലായ് 12-നാണ് പനിയെത്തുടർന്ന് ജില്ലാ ആശുപത്രിയിലെത്തിയതെന്ന് പരാതിയിൽ പറയുന്നു. ഒപി ഇല്ലാതിരുന്നതിനാൽ അത്യാഹിതവിഭാഗത്തിലെ ഡോക്ടറെയാണ് കണ്ടത്. മെഡിക്കൽ വിദ്യാർഥിയാണ് തന്നെ നോക്കിയതെന്നും അലർജിയുണ്ടോയെന്ന് നോക്കാതെ കുത്തിവെപ്പെടുക്കുകയായിരുന്നെന്നും പറയുന്നു. ഇതിനുശേഷം ശരീരം ചുവന്ന് തടിച്ചുവന്നു. വേദനയും ശ്വാസതടസ്സവും അനുഭവപ്പെടുകയും ചെയ്തു. സമീപത്തുണ്ടായിരുന്നവർ സംഭവത്തിൽ ഇടപെട്ടതോടെയാണ് തന്നെ ഐസിയുവിൽ പ്രവേശിപ്പിച്ചതെന്നും പരാതിയിൽ പറയുന്നു. വൈകീട്ടോടെ മക്കളെത്തി പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് ഒരു ലക്ഷത്തിലധികം രൂപ ചെലവായി. സംഭവത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, കളക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ ആശുപത്രി സൂപ്രണ്ട് എന്നിവർക്ക് പരാതി നൽകിയതായും സുൽത്താൻ പറഞ്ഞു.
