തിരുവനന്തപുരത്ത് വയോധികയുടെ മാല പൊട്ടിച്ച കേസ് : ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിൽ ഒരാൾ പിടിയിൽ
തിരുവനന്തപുരം മംഗലപുരം ചെമ്പകമംഗലത്ത് വൃദ്ധയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ച കേസിൽ ഒരാൾ പിടിയിൽ. ബൈക്കോടിച്ചിരുന്ന അയിലം സ്വദേശി വിഷ്ണുവിനെയാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്. കടയ്ക്കാവൂരിൽ വെച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കൂടെയുണ്ടായിരുന്ന മറ്റൊരാൾക്കായി അന്വേഷണം തുടരുകയാണ്.വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോട് കൂടിയായിരുന്നു ചെമ്പകമംഗലം അസംബ്ലിമുക്കിന് സമീപം വൃദ്ധയായ അംബികയുടെ രണ്ട് പവൻ വരുന്ന സ്വർണ്ണമാല പ്രതികൾ കവർന്നത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് മാല കവർന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പിടിച്ചുപറി, മോഷണം, മയക്കുമരുന്ന് തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായ വിഷ്ണുവെന്ന് പൊലീസ് പറഞ്ഞു.