വ്യാജ എസ്.ഐ ട്രെയിൻ യാത്രയിൽ നിന്ന് പിടികൂടി
തിരുവനന്തപുരം: പോലീസിന്റെ ഔദ്യോഗിക യൂണിഫോമിൽ ‘അമിതമായി’ മിടുക്ക് കാണിച്ച യുവാവ് റെയിൽവേ പോലീസിന്റെ പിടിയിലായി. എസ്ഐ ചമഞ്ഞ് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന തിരുവനന്തപുരം കല്ലിയൂർ സ്വദേശി അഖിലേഷാണ് അറസ്റ്റിലായത്. ചെന്നൈ എഗ്മൂർ-ഗുരുവായൂർ എക്സ്പ്രസിൽ വെച്ച് ഡാൻസാഫ് സംഘവും റെയിൽവേ പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്.ശനിയാഴ്ച രാവിലെ തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട ട്രെയിനിൽ എസ്ഐയുടെ യൂണിഫോമിൽ യാത്ര ചെയ്യുകയായിരുന്ന അഖിലേഷിനെ കണ്ട ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് സംശയം തോന്നുകയായിരുന്നു. യഥാർത്ഥത്തിൽ ഡ്യൂട്ടിയിലുള്ള ഒരു എസ്ഐ പോലും ഇത്രയും വൃത്തിയിലും കൃത്യതയിലും യൂണിഫോം ധരിക്കാറില്ലെന്ന ചിന്തയാണ് സംശയത്തിന് ഇടയാക്കിയത്. തുടർന്ന് ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു.ചോദ്യം ചെയ്യലിൽ കൃത്യമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറാൻ ശ്രമിച്ചതോടെയാണ് ഇയാൾ വ്യാജനാണെന്ന് പോലീസിന് വ്യക്തമായത്. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. തട്ടിപ്പ് നടത്താനാണോ അതോ കൗതുകത്തിനാണോ എസ്ഐ വേഷം കെട്ടിയതെന്ന കാര്യത്തിൽ വ്യക്തത വരാനുണ്ട്. ഇത് സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തും. നിലവിൽ അറസ്റ്റ് രേഖപ്പെടുത്തിയ അഖിലേഷിനെ ആലപ്പുഴ ആർപിഎഫിന് കൈമാറിയിട്ടുണ്ട്.