കുടുംബശ്രീ ഉൽപന്നങ്ങൾ ആഗസ്റ്റ് നാല് മുതൽ പോക്കറ്റ് മാർട്ട് വഴി ഒാൺലൈൻ വിപണിയിലെത്തും: മന്ത്രി എം.ബി രാജേഷ്
തിരുവനന്തപുരം: കുടുംബശ്രീ ഉൽപന്നങ്ങൾ കുടുംബശ്രീയുടെ ഒാൺലൈൻ പ്ളാറ്റ്ഫോമായ പോക്കറ്റ്മാർട്ട് ആപ്ളിക്കേഷനിലൂടെ ആഗസ്റ്റ് നാല് മുതൽ വിപണനം ആരംഭിക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. മാസ്ക്കോട്ട് ഹോട്ടലിൽ കുടുംബശ്രീ മാധ്യമശിൽപശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ഇക്കുറി മലയാളിക്ക് ഒാണം ആഘോഷിക്കാൻ ഗുണമേൻമയുള്ള കുടുംബശ്രീ ഉൽപന്നങ്ങളടങ്ങിയ ഗിഫ്റ്റ് ഹാമ്പറുകൾ പോക്കറ്റ്മാർട്ട് ആപ്ളിക്കേഷനിലൂടെ ഒാർഡർ ചെയ്തു വാങ്ങാനാകുമെന്ന് മന്ത്രി പറഞ്ഞു. 250 ഗ്രാം ചിപ്സ്. 250 ഗ്രാം ശർക്കരവരട്ടി, 100 ഗ്രാം സാമ്പാർ മസാല, 250 ഗ്രാം പായസം മിക്സ് സേമിയ, 250 ഗ്രാം പായസം മിക്സ് പാലട, 250 ഗ്രാം മുളക് പൊടി, 250 ഗ്രാം മല്ലിപ്പൊടി, 100 ഗ്രാം മഞ്ഞൾപ്പൊടി, 100 ഗ്രാം വെജിറ്റബിൾ മസാല തുടങ്ങി ഒമ്പത് ഇനം ഉൽപന്നങ്ങൾ ഉൾപ്പെട്ട പ്രതേ്യകമായി ഡിസൈൻ ചെയ്ത ഗിഫ്റ്റ് ഹാമ്പറിന് 799 രൂപയാണ് വില. കുടുംബശ്രീയുടെ ഒാൺലൈൻ പ്ളാറ്റ്ഫോമായ പോക്കറ്റ്മാർട്ടിലൂടെ ഇക്കുറി 5000 ഗിഫ്റ്റ് ഹാമ്പറുകൾ വിപണനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഇതു കൂടാതെ സി.ഡി.എസുകൾ വഴി അമ്പതിനായിരം ഒാണക്കിറ്റുകൾ വിപണനം ചെയ്യാനും കുടുംബശ്രീ ലക്ഷ്യമിടുന്നു. തങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒാണസമ്മാനമായും ഗിഫ്റ്റ് ഹാമ്പറുകൾ നൽകാനാകും. സമ്മാനം ലഭിക്കേണ്ട വ്യക്തിയുടെ ഫോട്ടോയും ആശംസയും ഉൾക്കൊള്ളുന്ന കസ്റ്റമൈസ്ഡ് ആശംസാ കാർഡുകൾ നൽകാനുള്ള സൗകര്യവും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. പോക്കറ്റ്മാർട്ട് ആപ് പ്ളേ സ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമാണ്.
ഒാണത്തോടനുബന്ധിച്ച് ആഗസ്റ്റ് 28 മുതൽ സെപ്റ്റംബർ നാല് വരെ കുടുംബശ്രീയുടെ സംസ്ഥാനതല വിപണന മേള തൃശൂരിൽ സംഘടിപ്പിക്കും. ബാക്കി ജില്ലകളിൽ ജില്ലാതല വിപണന മേളകളും സംഘടിപ്പിക്കും. കൂടാതെ ഒരു സി.ഡി.എസിൽ രണ്ടു വീതം ആകെ രണ്ടായിരത്തിലേറെ ഒാണം വിപണന മേളകൾ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇക്കുറി ഒാണ സദ്യയുടെ ഒാർഡർ സ്വീകരിക്കുന്നതിനും വിപണനം ചെയ്യുന്നതിനുമുള്ള സംവിധാനവും എല്ലാ ജില്ലകളിലും ഒരുക്കുന്നുണ്ട്.