വയനാട് ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടലിന് ഇന്ന് ഒരു വര്‍ഷം

Spread the love

കേരളത്തിൻ്റെ ഉള്ളുലച്ച വയനാട് ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടലിന് ഇന്ന് ഒരു വര്‍ഷം തികയുകയാണ്. വീണ്ടും ഒരു ജൂലൈ 30 വന്നെത്തുമ്പോൾ അതിജീവനത്തിൻ്റെ പാതയിലാണ് ദുരന്തത്തിൻ്റെ ഇരകൾ. ഓർമ്മ ദിവസത്തിലേക്ക് കടക്കുമ്പോഴും മുണ്ടക്കൈയിൽ ഇന്നും മഴ തുടരുകയാണ്.24 മണിക്കൂറിനുള്ളിൽ 140 മില്ലിമീറ്ററിലധികം മഴയാണ് അന്ന് ഈ പ്രദേശങ്ങളിൽ പെയ്തതിരുന്നത്. 2024 ജൂലൈ 29-ന് രാത്രി 11.45 ഓടെയാണ് പുഞ്ചിരിമറ്റം മേഖലയിൽ ആദ്യ മണ്ണിടിച്ചിലുണ്ടായത്. അർധരാത്രി 12-നും ഒന്നിനും ഇടയിൽ പുഞ്ചിരിമറ്റം, അട്ടമല, മുണ്ടക്കൈ, ചൂരൽമല മേഖലയിൽ അതിഭയാനകമായി നാശം വിതച്ച് ഉരുൾ അവശിഷ്ടങ്ങൾ ഒഴുകിയെത്തി. രണ്ട് മണിയോടെ വീണ്ടും ഉരുൾപൊട്ടലുണ്ടായി. അതിഭയാനക ശബ്ദത്തിനു പിന്നാലെ ഒഴുകിയെത്തിയ മലവെള്ളപ്പാച്ചിൽ ഉറങ്ങിക്കിടന്നവരെ വിഴുങ്ങി. ഉണർന്നിരുന്നവർക്കും രക്ഷപ്പെടാൻ കഴിയാത്തത്ര ഭീകരമായിരുന്നു ആ ഒഴുക്ക്.അപകടത്തിൽ 298 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 99 പേരെ ഡിഎൻഎ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. ചാലിയാർ, നിലമ്പൂർ തുടങ്ങി വിവിധ ഭാഗങ്ങളിൽ നിന്നായി 223 ശരീരഭാഗങ്ങൾ കണ്ടെത്തി. ദുരന്തത്തിൽ പരിക്കേറ്റവർ 35 ആണ്. അപ്പോഴും 32 പേരെ കാണാതായി എന്നാണ് കണക്ക്. അവർ എവിടെയൊക്കെ അകപ്പെട്ടു എന്നത് ആ ദുരന്തത്തിൻ്റെ വ്യാപ്തിയാണ് കാണിച്ചു തരുന്നത്.അതിജീവനത്തിൻ്റെ ഒരാണ്ട് പിന്നിടുമ്പോഴും പുനരധിവാസം യാഥാർത്ഥ്യമായിട്ടില്ലെന്നതാണ് സത്യം. ദുരന്തത്തിൽ കിടപ്പാടം നഷ്ടമായ 402 കുടുംബങ്ങളും ഇപ്പോഴും താത്കാലിക കെട്ടിടത്തിൽത്തന്നെയാണ്. പുനരധിവാസം എത്രയുംവേഗം പൂർത്തിയാക്കുമെന്നു പ്രഖ്യാപിച്ച സംസ്ഥാനസർക്കാരിന്, 1000 ചതുരശ്രമീറ്റർ വീട് നിർമിച്ചുനൽകാൻ ഒരുവർഷം പോരാതെവന്നു. ഇതുവരെ നിർമിച്ചുതീർന്ന വീടുകൾ ഇല്ലെന്ന് സാരം. ദുരന്തത്തിനുശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 772.11 കോടിരൂപ ലഭിച്ചെങ്കിലും ഇതുവരെ ചെലവഴിച്ചത് 91.74 കോടിരൂപമാത്രം.ഉരുളുറപ്പുകൾ വെറുംവാക്കുകളാകുമ്പോൾ ഉറ്റവരും ഉടയവരുമടക്കം സർവവും നഷ്ടപ്പെട്ട ആ കുടുംബങ്ങൾ ഇപ്പോഴും താത്കാലികകേന്ദ്രങ്ങളിൽ ‘അഭയാർഥികളാ’ണ്. സ്വന്തമായി ഒരു വീടിനായി അവർ കാത്തിരിപ്പ്‌ തുടരുന്നു, നിനച്ചിരിക്കാതെ നഷ്ടപ്പെട്ട കിടപ്പാടത്തിനു പകരമാകില്ലെങ്കിൽക്കൂടി.സാമ്പത്തിക സഹായത്തിലൂന്നിയായിരുന്നു കേന്ദ്രത്തിന്റെ വാഗ്ദാനങ്ങൾ. പണമില്ലാത്തതിന്റെപേരിൽ ഒന്നും മുടങ്ങില്ലെന്ന് ചൂരൽമലയുടെ ഇടറിയ മണ്ണിൽനിന്നുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചപ്പോൾ നാടൊന്നടങ്കം അത് നെഞ്ചേറ്റി. എന്നാൽ, വയനാടിനായി പ്രത്യേക പാക്കേജ് പ്രതീക്ഷിച്ചിരുന്ന കേരളത്തിന് നയാപൈസപോലും സാമ്പത്തികസഹായം കേന്ദ്രത്തിൽനിന്ന് കിട്ടിയില്ല. കിട്ടിയത് 529 കോടിയുടെ വായ്പമാത്രം.നഷ്ടപ്പെട്ടവരുടെ ഹൃദയ സ്പന്ദനം കൂടി ഓർക്കാൻ വേണ്ടിയാണ് ആ ദുരന്ത ഭൂമിക്ക് ‘ജൂലായ് 30 ഹൃദയഭൂമി’ എന്ന് നാമകരണം ചെയ്തത്. ജൂലൈ 30 ഹൃദയഭൂമി എന്ന് പേരിട്ട ദുരന്തസ്ഥലത്ത് ഇന്ന് രാവിലെ 10 ന് സര്‍വ്വമത പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും നടക്കും. ഉച്ചയ്ക്ക് നടക്കുന്ന അനുസ്മരണ യോഗത്തില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ പങ്കെടുക്കും. പുനരധിവാസത്തിലെ വീഴ്ചകള്‍ക്കെതിരെ വ്യാപാരികള്‍ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. അതേസമയം, യൂത്ത് കോണ്‍ഗ്രസ് രാപ്പകല്‍ സമരം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *