യുവാവിൻ്റെ മൂത്രസഞ്ചിയിൽ കുടുങ്ങിയ ഇലക്ട്രിക് വയർ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
തിരുവനന്തപുരം: മൂത്രനാളിയിലൂടെ സ്വയം കുത്തിക്കയറ്റിയ ഇലക്ട്രിക് വയർ യുവാവിൻ്റെ വയറ്റിൽ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. തിരുവനന്തപുരം സ്വദേശിയായ 25 കാരനാണ് മൂന്നുമീറ്ററോളം നീളമുള്ള ഇലക്ട്രിക് ഇൻസുലേഷൻ വയർ മൂത്രനാളിയിലൂടെ കുത്തിക്കയറ്റിയത്. ആശുപത്രിയിലെത്തുമ്പോൾ വയർ മൂത്രസഞ്ചിയിൽ കുരുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. യുവാവ് ഇതു ചെയ്തതിൻ്റെ കാരണം അജ്ഞാതമാണെന്ന് അധികൃതർ അറിയിച്ചു. മെഡിക്കൽ കോളേജ് ആശുപത്രി യൂറോളജി വിഭാഗത്തിൽ വയർ തുറന്നു നടത്തിയ ശസ്ത്രക്രിയയിലൂടെ ഇലക്ട്രിക് വയർ പുറത്തെടുക്കുകയായിരുന്നു. പല കഷണങ്ങളായി മുറിച്ചാണ് ഇലക്ട്രിക് വയർ പുറത്തെടുത്തത്. ശസ്ത്രക്രിയ രണ്ടര മണിക്കൂറോളം നീണ്ടു. ശസ്ത്രക്രിയയ്ക്കു ശേഷം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന യുവാവ് സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. യഥാസമയം ശസ്ത്രക്രിയ നടത്തി യുവാവിൻ്റെ ജീവൻ രക്ഷിച്ച ഡോക്ടർമാരെ ആരോഗ്യമന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. യൂറോളജി വിഭാഗം പ്രൊഫസർ ഡോ പി ആർ സാജു, അസി. പ്രൊഫസർ ഡോ സുനിൽ അശോക്, സീനിയർ റസിഡൻ്റുമാരായ ഡോ ജിനേഷ്, ഡോ അബു അനിൽ ജോൺ, ഡോ ഹരികൃഷ്ണൻ, ഡോ ദേവിക, ഡോ ശില്പ, അനസ്തേഷ്യ വിഭാഗം അസി. പ്രൊഫസർ ഡോ അനീഷ്, സീനിയർ റസിഡൻ്റ് ഡോ ചിപ്പി എന്നിവർ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകി.ചിത്രം: യുവാവിൻ്റെ മൂത്രസഞ്ചിയിൽ ഇലക്ട്രിക് വയർ കുരുങ്ങിക്കിടക്കുന്നതിൻ്റ എക്സ് റെ ദൃശ്യം