വൈദികനുമായുള്ള സെ ക്സ് വീഡിയോകോൾ റെക്കോർഡ് ചെയ്ത് അടിച്ചെടുത്തത് 60 ലക്ഷത്തോളം രൂപ; ഹണിട്രാപ്പ് കേസിലെ മൂന്നാം പ്രതിയും അറസ്റ്റിൽ
കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ രണ്ടാം പ്രതി അറസ്റ്റിൽ. ഇടുക്കി രാജാക്കാട് സ്വദേശി കൃഷ്ണജിത്താണ്(27) വൈക്കം പൊലീസിന്റെ പിടിയിലായത്. സംഭവത്തിൽ കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. നേഹ ഫാത്തിമ (25), സാരഥി (29) എന്നിവരാണ് കേസിലെ ഒന്നും മൂന്നും പ്രതികൾ. ഇവരെ നേരത്തേതന്നെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ കൃഷ്ണജിത്തിനെ റിമാൻഡ് ചെയ്തു.ഫോണിലൂടെയാണ് പ്രതികൾ വെെദികനുമായി പരിചയത്തിലായത്. പിന്നീട് ഹണിട്രാപ്പിൽ കുടുക്കി മൂന്നംഗ സംഘം വെെദികനിൽ നിന്ന് പണം അപഹരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 2023 ഏപ്രിൽ 24-ാം തീയതി മുതൽ ഗൂഗിൾ പേ വഴിയും എസ്‌ഐബി മിറർ ആപ്പ് വഴിയുമാണ് പ്രതികൾ 60 ലക്ഷം രൂപ തട്ടിയെടുത്തത്.കണ്ണൂർ സ്വദേശിനിയായ നേഹ ഫാത്തിമ ബെംഗളുരുവിലാണ് താമസം. ഇവരുടെ കാമുകനാണ് തമിഴ്നാട് സ്വദേശിയായ സാരഥി. വൈദികൻ പ്രിൻസിപ്പലായി ജോലിചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിൽ ജോലി ഒഴിവുണ്ടോയെന്ന് അന്വേഷിച്ച് 2023 ഏപ്രിലിലാണ് നേഹ ഫാത്തിമ വൈദികനെ ഫോണിൽ ബന്ധപ്പെട്ടത്. ശേഷം അടുപ്പം സ്ഥാപിച്ചു. ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങളും യുവതി അയച്ച് നൽകി. തുടർന്ന് വൈദികനെ വീഡിയോകോൾ ചെയ്ത് നഗ്‌നചിത്രങ്ങൾ പകർത്തുകയായിരുന്നു. പിന്നീട് വൈദികന്റെ നഗ്നദൃശ്യങ്ങൾ പുറത്തുവിടാതിരിക്കാൻ സംഘം പണം ആവശ്യപ്പെടുകയായിരുന്നു.2023 ഏപ്രിൽ മുതൽ പലതവണകളായി വൈദികനിൽനിന്ന് പണം തട്ടുകയായിരുന്നു. വീണ്ടും വീണ്ടും പണം ആവശ്യപ്പെട്ടതിനെ തുടർന്നാണ് വൈദികൻ പൊലീസിൽ പരാതി നൽകിയത്. നിർണായക നീക്കങ്ങളിലൂടെയാണ് പ്രതികളെ വൈക്കം പോലീസ് അന്ന് അറസ്റ്റ് ചെയ്തത്. പോലീസിന്റെ നിർദേശപ്രകാരം വൈദികൻ പ്രതികളോട് പണം വാങ്ങാൻ വൈക്കത്തേക്ക് വരാൻ ആവശ്യപ്പെട്ടു. വൈക്കത്തെത്തിയ യുവതിയേയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് രണ്ടാം പ്രതി കൃഷ്ണജിത്തിനെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളും പൊലീസിന്റെ വലയിലാകുകയായിരുന്നു.