മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ ശാന്തി ഭൂഷണ്‍ അന്തരിച്ചു

Spread the love

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ ശാന്തി ഭൂഷണ്‍ അന്തരിച്ചു. 97 വയസ്സായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശാന്തി ഭൂഷന്റെ ആരോഗ്യനില മോശമായിരുന്നു. ഡല്‍ഹിയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ മകന്‍ പ്രശാന്ത് ഭൂഷണ്‍ അഭിഭാഷകനും ആക്ടിവിസ്റ്റുമാണ്.മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ 1977 മുതല്‍ 1979 വരെ അദ്ദേഹം ഇന്ത്യയുടെ നിയമമന്ത്രിയായി സേവനമനുഷ്ഠിച്ചു. അലഹബാദ് ഹൈക്കോടതിയില്‍ പ്രസിദ്ധമായ കേസില്‍ രാജ്‌നാരായണനെ പ്രതിനിധീകരിച്ച ശാന്തി ഭൂഷണ്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ സ്ഥാനഭ്രഷ്ടയാക്കി. എസ്എസ്പി നേതാവ് രാജ് നാരായണന്‍ റായ്ബറേലി ലോക്‌സഭാ സീറ്റില്‍ ഇന്ദിരാഗാന്ധിയോട് പരാജയപ്പെട്ടിരുന്നു.പിന്നീട് തെരഞ്ഞെടുപ്പ് അട്ടിമറി ചൂണ്ടിക്കാട്ടി ഇന്ദിരാഗാന്ധിയുടെ വിജയം അസാധുവാക്കാന്‍ അദ്ദേഹം അപ്പീല്‍ നല്‍കി. ശാന്തി ഭൂഷണ്‍ ആയിരുന്നു കേസിന്റെ അഭിഭാഷകന്‍. 1980ല്‍ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്ന ഭൂഷണ്‍ പിന്നീട് 1986ല്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളായിരുന്നു അദ്ദേഹം. നിയമങ്ങളിലെ നാഴികക്കല്ലായ നിരവധി പരിഷ്‌കാരങ്ങളില്‍ പ്രധാന പങ്കുവഹിച്ച മുന്‍നിര നിയമവിദഗ്ധരും ആക്ടിവിസ്റ്റുകളും അദ്ദേഹമായിരുന്നു.‘മാസ്റ്റര്‍ ഓഫ് റോസ്റ്റര്‍’ സമ്പ്രദായം മാറ്റണമെന്ന് ആവശ്യപ്പെട്ട് ഭൂഷണ്‍ 2018ല്‍ സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയിരുന്നു. റോസ്റ്റര്‍ പ്രകാരമുള്ള ബെഞ്ചിലേക്ക് കേസുകള്‍ അയക്കുന്നതിനുള്ള തത്വവും നടപടിക്രമവും തീരുമാനിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. മകനും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍ മുഖേനയാണ് ശാന്തി ഭൂഷണ്‍ ഹര്‍ജി സമര്‍പ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *