ബാങ്കുകളിൽ ഓഡിറ്റ് കാര്യക്ഷമമാക്കണം. പുതുശ്ശേരി
തിരുവല്ല : സഹകരണ ബാങ്കുകൾ ഉൾപ്പെടെയുള്ള ബാങ്കുകളിലെ ഓഡിറ്റ് സംവിധാനത്തിലെ പഴുതുകളാണ് ബാങ്കുകളിൽ പെരുകുന്ന അഴിമതിക്ക് കാരണമെന്നു ജോസഫ് എം. പുതുശ്ശേരി. സാധാരണക്കാരന്റെ നിക്ഷേപങ്ങൾ സുരക്ഷിതമല്ലെന്ന തോന്നൽ ഉണ്ടാവാൻ കൂട്ട് നിൽക്കുന്നവരെ കർശനമായി ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ചു എ. ആർ. ബി. ഓ.എ. എസ്.ബി.റ്റി യൂണിറ്റ്, എസ്.ബി.റ്റി റിട്ടയറീസ് അസോസിയേഷൻ, എസ്.ബി.റ്റി റിട്ടയറീസ് ഫോറം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ തിരുവല്ലയിൽ നടന്ന സ്നേഹസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വിവിധ മേഖലകളിൽ എസ്. ബി. ടി നൽകിയ നിസ്തുല സംഭാവനകൾ കേരളത്തിന്റെ വികസനത്തിന് അടിത്തറ പാകിയെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ബാങ്കുകളുടെ ജനകീയ സ്വഭാവം നഷ്ടപ്പെടാൻ അനുവദിക്കരുത്. എസ്.ബി. ടി ഡയറക്ടർ ആയിരുന്ന പി. വി. പ്രസാദ് അധ്യക്ഷത വഹിച്ചു. ജോളി എബ്രഹാം, വി. ആർ. സതീഷ്കുമാർ, കെ. എൻ. ഭാസ്കരൻ, സി. എ. തോമസ്, മഹാദേവൻ, ഉദയകുമാർ, വിദ്യാധ രൻ നമ്പൂതിരി,എലിസബേത് കുരുവിള, ജോർജ് കോശി, പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു.