മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു

Spread the love

കുന്നമംഗലം: മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു. മാവോയിസ്റ്റുകൾ വെടിയേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് മെഡി. കോളജ് മോർച്ചറി പരിസരത്ത് പ്രകടനം നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത കേസിലാണ് ഗ്രോ വാസു ജയിലിലായത്. കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. കഴിഞ്ഞ ഒന്നരമാസമായി ഗ്രോ വാസു ജയിലിലാണ്.കേസിൽ 7 സാക്ഷികളെയാണ് വിസ്തരിച്ചത്. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് വാദിച്ച വാസു, തെളിവുകളോ സാക്ഷികളെയോ ഹാജരാക്കിയിരുന്നില്ല. കഴിഞ്ഞ 45 ദിവസമായി കേസിൽ റിമാന്റിൽ കഴിയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം കോടതിയിൽ മുദ്രാവാക്യം വിളിച്ചതിനാൽ ഇന്ന് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയിരുന്നില്ല. പകരം ഓൺലൈനായാണ് കോടതി കേസ് പരിഗണിച്ചത്.പ്രതിഷേധിക്കാനുള്ള ജനാധിപത്യപരമായ അവകാശത്തിന് വേണ്ടി പോരാടിയാണ് ഗ്രോ വാസു കേസിൽ മുന്നോട്ട് പോയത്. കേസിലെ കൂട്ടുപ്രതികളെല്ലാം 200 രൂപ പിഴയടച്ച് കോടതി നടപടികൾ അവസാനിപ്പിച്ചപ്പോൾ ഗ്രോ വാസു അതിന് തയ്യാറായില്ല. കോടതിയിൽ കേസ് പരിഗണിച്ചപ്പോഴൊന്നും ഹാജരായതുമില്ല. തുടർന്ന് കോടതി വാറണ്ടായാണ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്.കേസ് പരിഗണിച്ചപ്പോഴൊന്നും താൻ തെറ്റ് ചെയ്തില്ലെന്ന വാദത്തിൽ നിന്ന് വാസു പിന്നോട്ട് പോയില്ല. കോഴിക്കോട് മെഡിക്കൽ കോളേജിൽ വഴി തടസപ്പെടുത്തിയതിൽ ആരാണ് പരാതിക്കാരെന്ന് ചോദിച്ച ഗ്രോ വാസു മാവോയിസ്റ്റുകളെ വ്യാജ ഏറ്റുമുട്ടലിലൂടെ വധിച്ചതാണെന്നും കുറ്റപ്പെടുത്തിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *