അഖിലേന്ത്യ പണിമുടക്ക് കേരളത്തിൽ സമ്പൂർണമാകും
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളിദ്രോഹ, കർഷകവിരുദ്ധ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളും നടത്തുന്ന അഖിലേന്ത്യ പണിമുടക്ക് സംസ്ഥാനത്ത് സമ്പൂർണമാകും. എട്ടിന് അർധരാത്രി മുതൽ ഒമ്പതിന് അർധരാത്രിവരെ 24 മണിക്കൂറാണ് പണിമുടക്ക്. തൊഴിലാളികളും കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും പൊതുമേഖലാ ജീവനക്കാരും ബാങ്കിങ്,- ഇൻഷുറൻസ് ജീവനക്കാരും അണിചേരും. സംയുക്ത കിസാൻ മോർച്ച പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.കർഷക, കർഷകത്തൊഴിലാളി സംഘടനകൾ പിന്തുണ അറിയിച്ചിട്ടുണ്ട്. വാണിജ്യ, വ്യവസായ മേഖലയിലെയും റോഡ് ഗതാഗതം, നിർമാണം, മത്സ്യബന്ധനം എന്നീ മേഖലകളിലെ തൊഴിലാളികളും പണിമുടക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ സമിതി ജനറൽ കൺവീനർ എളമരം കരീം വാർത്താസമ്മേളനത്തിൽ അറിയിച്ചു. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എൽപിഎഫ്, യുടിയുസി, എച്ച്‌എംഎസ്, സേവ, ടിയുസിഐ, എൻഎൽസി, ടിയുസിസി, ജെഎൽയു, എൻഎൽയു, കെടിയുസി എസ്, കെടിയുസി എം, ഐഎൻഎൽസി, എൻടിയുഐ, എച്ച്‌എംകെപി തുടങ്ങിയവ പങ്കെടുക്കും. വരുംദിവസങ്ങളിൽ പഞ്ചായത്തുകളിൽ കാൽനട ജാഥ നടത്തും. തൊഴിലാളികൾ ഒമ്പതിന് 1020 സമരകേന്ദ്രങ്ങളിൽ ഒത്തുചേരും.തലസ്ഥാനത്ത് പതിനായിരത്തിലധികം തൊഴിലാളികൾ പങ്കെടുക്കുന്ന പ്രകടനവും രാജ്‌ഭവനു മുന്നിൽ കൂട്ടായ്‌മയും നടത്തും. അവശ്യ സർവീസുകൾ, പാൽ, പത്രവിതരണം എന്നിവയെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ എൻ ഗോപിനാഥ്, സി ജയൻബാബു (സിഐടിയു), ടോമി മാത്യു (എച്ച്‌എംഎസ്), സോണിയ ജോർജ് (സേവ), സജിത് ലാൽ (എഐടിയുസി), കവടിയാർ ധർമൻ (കെടിയുസി എസ്) എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.