ആശ്വാസവാർത്ത; ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുരുങ്ങിയ യുവതിയെ കണ്ടെത്തി

Spread the love

തിരുവനന്തപുരം: കിളിമാനൂരിൽ ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുരുങ്ങിയതിന് പിന്നാലെ കാണാതായ യുവതിയെ കണ്ടെത്തി. കിളിമാനൂര്‍ സ്വദേശി പാര്‍വതിയെ തമ്പാനൂർ റെയിൽവേ പൊലീസാണ് കണ്ടെത്തിയത്.റെയിൽവേ സ്റ്റേഷനിൽ നിൽക്കവേ സംശയം തോന്നി പോലീസ് വിവരങ്ങൾ ചോദിച്ചു അറിയുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ഫിസിയോ തെറാപ്പിക്കെന്ന് പറഞ്ഞ് ഇന്നലെ രാവിലെയാണ് പാർവതി വീട്ടില്‍ നിന്നും ഇറങ്ങിയത്. പാര്‍വതിയുടെ മുറിയില്‍ നിന്നും കുറിപ്പ് കണ്ടെത്തിയിരുന്നു.‘അമ്മാ ഞാന്‍ മരിക്കാന്‍ പോകുന്നു. എല്ലാത്തിനും കാരണം എന്റെ ടെലഗ്രാമില്‍ നോക്കിയാല്‍ കാണാം. എന്റെ മക്കളെ നോക്കണം. ഞാന്‍ മാത്രമാണ് എല്ലാത്തിനും ഉത്തരവാദി – എന്നാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നത്.സംഭവത്തിൽ പാര്‍വതിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. യുവതിയുടെ ടെലിഗ്രാം പരിശോധിച്ചതില്‍ നിന്നും നാലര ലക്ഷം രൂപ വിവിധ അകൗണ്ടുകളിലേക്ക് അയച്ചതിന്റെ രേഖകള്‍ ലഭിച്ചിട്ടുണ്ട്.ദുരൂഹ ഓണ്‍ലൈന്‍ ഇടപാടുകളാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. പൊലീസ് അന്വേഷണത്തിലും സാമ്പത്തിക ഇടപാടുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.ഇന്നലെ പാര്‍വതി കിളിമാനൂരിലെ ധനകാര്യ സ്ഥാപനത്തില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ പണയപ്പെടുത്തി 4,80,000 രൂപ വാങ്ങിയതിനും തെളിവുണ്ട്. ഇതില്‍ 2,92,000 രൂപ ആദിക് നലാഗി എന്നയാളുടെ ഉത്തരേന്ത്യന്‍ അകൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു നൽകി.സമാനമായി ഗൂഗിള്‍ പേ വഴി 1,50,000 രൂപ പലപ്പോഴായി ട്രാന്‍സ്ഫര്‍ ചെയ്തതിന്റെ രേഖകളും യുവതിയുടെ ഫോണില്‍ നിന്നും കണ്ടെത്തി. പാര്‍വതിക്ക് 9 ഉം 4 ഉം വയസുള്ള രണ്ടു കുട്ടികളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *