ആക്സിയം 4 വിക്ഷേപിച്ചു: ശുഭാംശുവിനും സംഘത്തിനും ശുഭയാത്ര
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്‌സിയം – 4 വിക്ഷേപിച്ച്. ആറ് തവണ മാറ്റിവെച്ച മിഷൻ ഏഴാം തവണയാണ് പറന്നുയർന്നത്. ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിലെ കോംപ്ലക്‌സ് 39എ ലോഞ്ച് പാഡില്‍ നിന്നാണ് നാല് പേരെ വഹിച്ചുള്ള സ്‌പേസ് എക്‌സ് ഡ്രാഗണ്‍ പേടകം കുതിച്ചുയർന്നത്.
ഇന്ത്യന്‍ ബഹിരാകാശയാത്രികന്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ല ദൗത്യസംഘത്തിന്റെ ഭാഗമാണ്. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി പ്രോജക്റ്റ് ബഹിരാകാശയാത്രികന്‍ സ്ലാവോസ് ഉസ്നാന്‍സ്‌കി-വിസ്നിവ്സ്‌കിയും ഹംഗറിയിലെ ടിബോര്‍ കപുവുമാണ് സംഘത്തിലുള്ള മറ്റു രണ്ടുപേർ. നാസയില്‍ ബഹിരാകാശ യാത്രകള്‍ നടത്തി പരിചയമുള്ള ആക്‌സിയം സ്പേസിലെ മനുഷ്യ ബഹിരാകാശ ദൗത്യങ്ങളുടെ ഡയറക്ടറുമായ പെഗ്ഗി വിറ്റ്സണ്‍ ആണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്.
മെയ് 29-നാണ് ആദ്യം വിക്ഷേപണം തീരുമാനിച്ചിരുന്നത്. പിന്നീട് ജൂണ്‍ എട്ടിലേക്ക് മാറ്റി, തുടര്‍ന്ന് ജൂണ്‍ 10ലേക്കും 11 ലേക്കും മാറ്റിയിരുന്നു. പിന്നെയും വൈകിയ വിക്ഷേപണം ജൂണ്‍ 19-ലേക്കും 22ലേക്കും മാറ്റുകയായിരുന്നു. ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ തയ്യാറെടുപ്പിലെ കാലതാമസം, മോശം കാലാവസ്ഥ, ദ്രാവക ഓക്സിജന്‍ ചോര്‍ച്ച, ബഹിരാകാശ നിലയത്തിന്റെ സര്‍വീസ് മൊഡ്യൂളിലെ സാങ്കേതിക തകരാര്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ മൂലമാണ് നേരത്തേ കാലതാമസമുണ്ടായത്.