നിലമ്പൂരിന്റെ വികസനത്തിന് ബാപ്പുട്ടിയായി ഒപ്പമുണ്ടാകും: ആര്യാടന്‍ ഷൗക്കത്ത്
നിലമ്പൂര്‍: നിലമ്പൂരിന്റെ വികസനത്തിന് ബാപ്പുട്ടിയായി ഒപ്പമുണ്ടാകുമെന്ന് നിയുക്ത എം.എല്‍.എ ആര്യാടന്‍ ഷൗക്കത്ത്. ഉപതെരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച ഷൗക്കത്ത് ചന്തക്കുന്നിലെ സ്വീകരണത്തില്‍ വോട്ടര്‍മാര്‍ക്ക് നന്ദിരേഖപ്പെടുത്തി സംസാരിക്കുകയായിരുന്നു.നിലമ്പൂരിന്റെ വികസനത്തിന് വേണ്ടി മുന്‍ നിരയില്‍ നിന്ന്പ്രവര്‍ത്തിക്കും. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച കഴിഞ്ഞ 9 വര്‍ഷമായി മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കും.9 മാസ കാലയളവില്‍ സര്‍ക്കാര്‍ എങ്ങനെ സഹകരിക്കുമെന്ന് അറിയില്ല. 2026ല്‍ യു.ഡി.എഫിന്റെ നേത്യത്വത്തിലുള്ള സര്‍ക്കാരുണ്ടായാലേ നിലമ്പൂരിന്റെ വികസനത്തിന് പ്രഥമ പരിഗണനലഭിക്കൂ. തന്നെക്കുറിച്ച് പറഞ്ഞവര്‍ക്ക് ജനം മറുപടി നല്‍കി കഴിഞ്ഞുവെന്നും നിലമ്പൂരിന്റെ വികസനമാണ് ലക്ഷ്യമെന്നും ഷൗക്കത്ത് പറഞ്ഞു.യു.ഡി.എഫ് നേതാക്കള്‍ക്കൊപ്പം തുറന്ന വാഹനതിലാണ് ഷൗക്കത്ത് നന്ദിപറയാന്‍ വിവിധ പഞ്ചായത്തുകളിലെത്തിയത്. ബൈക്ക് റാലിയും വാഹനങ്ങളിലുമായി നൂറുകണക്കിന് പ്രവര്‍ത്തകര്‍ അകമ്പടിയായി.ചന്തക്കുന്നില്‍ നിലമ്പൂര്‍ മുനിസിപ്പല്‍ യു.ഡി.എഫ് കമ്മിറ്റി ചെയര്‍മാന്‍ കൂമഞ്ചീരി നാണിക്കുട്ടി ആധ്യക്ഷം വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയില്‍ മൂത്തേടം, വി.എ കരീം, ടി.പി അഷ്‌റഫലി, യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ ഇഖ്ബാല്‍ മുണ്ടേരി, കണ്‍വീനര്‍ എന്‍.എ കരീം, എ.ഗോപിനാഥ്, പാലോളി മെഹബൂബ്, യു.ഡി.എഫ് നിലമ്പൂര്‍ മുനിസിപ്പല്‍ കമ്മിറ്റി കണ്‍വീനര്‍ അഡ്വ. ഷെറി ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.ചുങ്കത്തറ, പോത്തുകല്‍, നാരോക്കാവ്, വഴിക്കടവ്, എടക്കര, മൂത്തേടം, കുളായി, അമരമ്പലം എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി.വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള പര്യടനത്തിന് ആവേശകരമായ സ്വീകരണമാണ് ഓരോ കേന്ദ്രത്തിലും ലഭിച്ചത്.