ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം; ഖത്തര്‍ അന്താരാഷ്ട്ര വ്യോമ പാത അടച്ചു
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഖത്തര്‍ അന്താരാഷ്ട്ര വ്യോമ പാത അടച്ചു. വൈകുന്നേരം പ്രാദേശിക സമയം 6.45ഓടെയാണ് വ്യോമ പാത താല്‍കാലികമായി അടച്ചതായി ഖത്തര്‍ വിദേശകാര്യമന്ത്രാലയം എക്‌സിലൂടെ അറിയിച്ചത്. ഹമദ് അന്താരാഷ്ട്ര വിമാനത്താളവളത്തിലേക്കുള്ള മുഴുവന്‍ വിമാന സര്‍വീസുകളെയും, ഖത്തര്‍ വ്യോമപരിതി ഉപയോഗപ്പെടുത്തുന്ന മറ്റു വിമാനങ്ങളെയും ഇത് ബാധിക്കും. അതിനിടയില്‍ ഖത്തറിലെ യു എസ് എയർ ബേസിന് നേരെ ഡ്രോൺ ആക്രമണം നടന്നു.
ഇറാനിലെ വിമാനത്താവളങ്ങളില്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേലിലേക്ക് മിസൈല്‍ വര്‍ഷം. നാല് തവണകളിലായി എട്ട് മിസൈലുകളാണ് ഇറാന്‍ വിക്ഷേപിച്ചത്. മിക്ക മിസൈലുകളും തടഞ്ഞതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. എന്നാല്‍, ഒരു മിസൈല്‍ തെക്കന്‍ ഭാഗത്തുള്ള ഇസ്രയേല്‍ ഇലക്ട്രിക് കമ്പനിയുടെ (ഐ ഇ സി) സമീപം പതിച്ചു.
തുടര്‍ന്ന് പ്രദേശത്ത് വൈദ്യുതി തടസ്സമുണ്ടായി. ഇസ്രയേലിനെതിരായ ആക്രമണത്തെ കുറിച്ച് ഐ ആര്‍ ജി സി പ്രസ്താവന പുറത്തിറക്കി. ഖര, ദ്രവ ഇന്ധന മിസൈലുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇസ്രയേലി വ്യോമ പ്രതിരോധ കവചത്തിന്റെ പാളികള്‍ തുളച്ചുകയറാന്‍ പ്രത്യേക മാര്‍ഗം ഉപയോഗിച്ചുവെന്നും പ്രസ്താവനയിലുണ്ട്.