കേരളവർമ്മ കോളേജിലെ യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പിൽ റീക്കൗണ്ടിംഗിൽ അപാകതയുണ്ടായെന്ന് ഹൈക്കോടതി

Spread the love

കൊച്ചി: കേരളവർമ്മ കോളേജിലെ യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പിൽ റീക്കൗണ്ടിംഗിൽ അപാകതയുണ്ടായെന്ന് ഹൈക്കോടതി. ആദ്യം വോട്ടെണ്ണിയപ്പോൾ കെഎസ്‌യു സ്ഥാനാർത്ഥിക്ക് 896 വോട്ടും എസ്എഫ്ഐ സ്ഥാനാർത്ഥിക്ക് 895 വോട്ടുമാണ് ലഭിച്ചതെന്ന് കോടതി പറഞ്ഞു. ടാബുലേഷൻ രേഖകൾ പരിശോധിച്ച കോടതി, ആദ്യം വോട്ടെണ്ണിയപ്പോൾ കണ്ടെത്തിയ അസാധുവോട്ടുകൾ റീക്കൗണ്ടിംഗിൽ പരിഗണിച്ചത് എങ്ങനെയെന്ന് ചോദിച്ചു.റീക്കൗണ്ടിംഗ് എന്നാൽ സാധുവായ വോട്ടുകൾ മാത്രമാണെന്നും നടപടിക്രമങ്ങളിൽ അപാകതയുണ്ടായെന്നും കോടതി വിലയിരുത്തി. അസാധുവോട്ടുകൾ കണ്ടെത്തിയാൽ ഇവ മാറ്റിവച്ച് പ്രത്യേകമായി സൂക്ഷിക്കണമെന്നാണ് ചട്ടമെന്നും കോടതി വ്യക്തമാക്കി. റീക്കൗണ്ടിംഗ് ആവശ്യപ്പെട്ട് എസ്എഫ്ഐ സ്ഥാനാർഥി നൽകിയ അപേക്ഷയിൽ ഒരു കാരണവും വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ലെന്നും കോടതി പറഞ്ഞു. ആശയക്കുഴപ്പം ഉണ്ടെന്ന് മാത്രമാണ് പരാതിയിൽ ഉള്ളതെന്നും കോടതി പറഞ്ഞു.കേരളവർമ്മ കോളേജിലെ യൂണിയൻ ചെയർമാൻ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. അസാധു വോട്ടുകൾ റീക്കൗണ്ടിംഗിൽ സാധുവായി പരിഗണിച്ചാണ് എസ്എഫ്ഐ ജയിച്ചതെന്നാണ് ഹർജിക്കാരന്റെ വാദം. ഇത് മാർഗ നിർദ്ദേശങ്ങൾക്ക് വിരുദ്ധമാണെന്നും, അതിനാൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. നേരത്തെ കേസ് പരിഗണിച്ചപ്പോൾ തിരഞ്ഞെടുപ്പിന്‍റെ യഥാർഥ ടാബുലേഷൻ രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *