ആയുർവേദ ദിനാചരണം: വിളംബരജാഥ മന്ത്രി ആന്റണി രാജു ഫ്‌ളാഗ് ഓഫ് ചെയ്തു
എട്ടാമത് ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി ഭാരതീയ ചികിത്സാവകുപ്പ് തിരുവനന്തപുരം ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ജില്ലാതല ആഘോഷപരിപാടികളുടെ വിളംബര ജാഥ ആരോഗ്യഭവനിൽ ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു ഫ്‌ളാഗ് ഓഫ് ചെയ്തു. വിളംമ്പര ജാഥയോടനുബന്ധിച്ചുള്ള സമ്മേളനം ഐ.ബി സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തുടർന്ന് സൗജന്യ സ്‌പെഷ്യാൽറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഏകാരോഗ്യത്തിന് ആയുർവേദം എന്നതാണ് ഈ വർഷത്തെ പ്രമേയം. എന്റെ ജീവിതം എന്റെ ആയുർവേദം എന്ന വിഷയത്തെ ആസ്പദമാക്കി വിവിധ പ്രവർത്തനങ്ങളാണ് കഴിഞ്ഞ രണ്ടാഴ്ചയിൽ നടന്നത്. സ്‌കൂളുകളിൽ ബോധവത്കരണ പരിപാടികൾ, മെഡിക്കൽ ക്യാമ്പുകൾ, മാനസികാരോഗ്യ സംരക്ഷണ ക്യാമ്പയിനുകൾ, ഗുഡ്ഫുഡ് ശിൽപശാല എന്നിവയും ഇതിന്റെ ഭാഗമായി നടന്നു. തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ഗ്ലാഡി ഹാൽവിൻ അധ്യക്ഷത വഹിച്ചു. നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ഷൈജു കെ.എസ്, ജില്ലാ നോഡൽ ഓഫീസർ ഡോ: ആനന്ദ് എ.ജെ എന്നിവരും പങ്കെടുത്തു.