കൈക്കൂലി നൽകാത്തതിന്റെ പേരിൽ ഉദ്യോഗാർത്ഥികൾക്ക് ജാതി സർട്ടിഫിക്കറ്റ് നിഷേധിച്ച് പി എസ് സി നിയമനം ഇല്ലാതാക്കിയ ആര്യനാട് വില്ലേജ് ഓഫീസറെ സർവീസിൽ നിന്ന് പുറത്താക്കുക : സിപിഐ

Spread the love

ആര്യനാട് : സെപ്റ്റംബർ 27 : 10000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത് നൽകാത്തതിന്റെ പേരിൽ സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ ഭാര്യ ഉൾപ്പെടെ രണ്ട് ഉദ്യോഗാർഥികൾക്ക് ജാതി സർട്ടിഫിക്കറ്റ് നിഷേധിച്ച് പി എസ് സി നിയമനം ഇല്ലാതാക്കിയ ആര്യനാട് വില്ലേജ് ഓഫീസറെ സർവീസിൽ നിന്ന് പുറത്താക്കി ക്രിമിനൽ കേസ് എടുക്കണമെന്ന് സിപിഐ മണ്ഡലം കമ്മിറ്റി നേതാക്കൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.വളരെ മുൻകൂട്ടി അപേക്ഷ നൽകിയിട്ടും മുൻപ് നൽകിയ സർട്ടിഫിക്കറ്റ് ശരിപ്പകർപ്പ് കാണിച്ച് ബോധ്യപ്പെടുത്തിയിട്ടും നാടാർ ഹിന്ദു വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് സർട്ടിഫിക്കറ്റ് നൽകാതെ നിഷേധ നിലപാടാണ് വില്ലേജ് ഓഫീസർ സ്വീകരിച്ചത്. ഉദ്യോഗാർഥികളെയും രക്ഷിതാക്കളെയും അസഭ്യം പറയുകയും പ്രകോപനം സൃഷ്ടിക്കാനുമാണ് ഇയാൾ ശ്രമിച്ചത്.സർട്ടിഫിക്കറ്റ് ലഭിക്കാതെ ജോലി നഷ്ടമാകുന്ന സാഹചര്യത്തിൽ ഉദ്യോഗാർഥികൾ ആത്മഹത്യ മുനമ്പിൽ നിൽക്കുന്ന സന്ദർഭത്തിലാണ് സിപിഐ സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാർ, മണ്ഡലം സെക്രട്ടറി എം എസ് റഷീദ്, ജില്ലാ കമ്മിറ്റിയംഗം ഈഞ്ചപ്പുരി സന്തു, പുറുത്തിപ്പാറ സജീവ്, എൽസി സെക്രട്ടറിമാരായ വിജയകുമാർ, ഇറവൂർ പ്രവീൺ, ജനപ്രതിനിധികൾ, പാർട്ടി പ്രവർത്തകർ എന്നിവർ നേരിട്ട് വില്ലേജ് ഓഫീസിലെത്തി സർട്ടിഫിക്കറ്റ് നൽകാൻ ആവശ്യപ്പെട്ടത്.പാർട്ടി നേതാക്കളുടെ അഭ്യർത്ഥന ചെവിക്കൊള്ളാൻ തയ്യാറാകാതെ വില്ലേജ് ഓഫീസർ നേതാക്കളോട് തട്ടിക്കയറുകയാണ് ചെയ്തത്. ഇതിന് തുടർന്ന് നേതാക്കളും പ്രവർത്തകരും പ്രതിഷേധം ആരംഭിച്ചു. സമരത്തെ തുടർന്നത് തഹസിൽദാർ സ്ഥലത്ത് പോയി അന്വേഷണം നടത്തി ഓഫീസിൽ വന്ന് സർട്ടിഫിക്കറ്റ് നൽകി സമരം അവസാനിപ്പിച്ചു.സെപ്റ്റംബർ 13ന് ഉണ്ടായ സംഭവത്തെ തുടർന്ന് ഏതാനും ദിവസങ്ങൾക്കു ശേഷം രാഷ്ട്രീയ പ്രേരിതമായി വില്ലേജ് ഓഫീസറും ഭാര്യയും കള്ള പരാതികൾ നൽകുകയും ആര്യനാട് പോലീസ് നേതാക്കളെയും ജനപ്രതിനിധികളെയും പ്രവർത്തകരെയും ഉദ്യോഗാർഥികളെയും നാട്ടുകാരെയും ഉൾപ്പെടുത്തി കള്ളക്കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.വില്ലേജ് ഓഫീസിൽ പ്രതിഷേധം നടക്കുമ്പോൾ സ്ഥലത്തെത്തിയ ആര്യനാട് പോലീസ് മറ്റ് ക്രമസമാധാന പ്രശ്നങ്ങൾ ഒന്നും ഇല്ല എന്ന് ഉറപ്പുവരുത്തി മടങ്ങിപ്പോയതാണ്. എന്നാൽ പിന്നീട് രാഷ്ട്രീയസമ്മർദ്ദത്തിന് വഴങ്ങി പോലീസ് കേസെടുത്തിരിക്കുകയാണ്. എൽഡിഎഫ് സർക്കാരിന്റെ നയങ്ങൾ അട്ടിമറിച്ച് അവകാശങ്ങൾ നിഷേധിക്കുന്നതിനും കള്ള കേസുകൾ ചുമത്തുന്നതിനും ആര്യനാട്പോലീസ് സ്റ്റേഷനും വില്ലേജ് ഓഫീസും ഒത്തുചേർന്നിരിക്കുകയാണ്.ജാതി സർട്ടിഫിക്കറ്റ് നിഷേധിച്ച് നിയമനം ഇല്ലാതാക്കിയ വില്ലേജ് ഓഫീസറെ സർവീസിൽ നിന്നും പുറത്താക്കി, കൈക്കൂലി കേസിൽ അറസ്റ്റ് ചെയ്ത് ക്രിമിനൽ കേസ് എടുക്കണമെന്നും അന്യായമായ ഉദ്യോഗാർഥികളെയും നേതാക്കളെയും നാട്ടുകാരെയും കള്ളക്കേസിൽ കുടുക്കിയ ആര്യനാട് പോലീസ് സ്റ്റേഷനിലെ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സെപ്റ്റംബർ 29 രാവിലെ 10 30 ന് വില്ലേജ് ഓഫീസ് – പോലീസ് സ്റ്റേഷൻ മാർച്ചും പ്രതിഷേധ ധർണയും സംഘടിപ്പിക്കും.മാർച്ചും പ്രതിഷേധ ധർണയും സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന മീനാങ്കൽ കുമാർ, മണ്ഡലം സെക്രട്ടറി എം എസ് റഷീദ്, ജില്ലാ കമ്മിറ്റി അംഗം ഈഞ്ചപുരി സന്തു, സെക്രട്ടറിയേറ്റ് അംഗങ്ങളായ ഉഴമലയ്ക്കൽ ശേഖരൻ, വെള്ളനാട് സതീശൻ, ജി രാജീവ്, രാമചന്ദ്രൻ, പുറുത്തിപാറ സജീവ്, കളത്തറ മധു തുടങ്ങിയവർ സംസാരിക്കും. മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ മാർച്ച് ആര്യനാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും ആരംഭിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ സമരസമിതി ചെയർമാൻ അരുവിക്കര വിജയൻ നായരും കൺവീനർ കെ ഹരി സുധനും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *