ചിന്താ ജെറോമിൻ്റെ പിഎച്ച്ഡി പ്രബന്ധം റദ്ദുചെയ്യണം: കെ.എസ്.യു
തിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന്റെ പി എച്ഡി പിൻവാതിലിലൂടെ നേടിയതാണെന്നും റദ്ദ് ചെയ്യാനുള്ള നടപടികൾ അധികാരികൾ സ്വീകരിക്കണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു. കെ എസ് യു സംസ്ഥാന കമ്മിറ്റി യുവജനകമ്മീഷൻ ആസ്ഥാനത്തിലേക്ക് വാഴക്കുലകളുമായി പ്രതീകാത്മകമായി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗവേഷണ പ്രബന്ധത്തിലെ ഗൗരവതരമായ തെറ്റ് വകവെക്കാതെയുള്ള അധികൃതരുടെ ഒത്താശ വലിയ ആശങ്കയുണ്ടാക്കുന്നതാണ്. കേരളത്തിലെ മുഴുവൻ ഗവേഷക വിദ്യാർത്ഥികളെയും വഞ്ചിക്കുന്ന തരത്തിലാണ് സംസ്ഥാനത്ത് പിൻവാതിൽ നിയമനങ്ങൾ പോലെ തന്നെ ഇടതുപക്ഷ നേതൃത്വത്തിലുള്ളവർക്കായി നടത്തുന്ന ഇത്തരം ഒത്താശകൾ.ചങ്ങമ്പുഴയുടെ വാഴക്കുല എന്ന കവിതയെ പറ്റിയുള്ള ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിൽ വൈലോപ്പിള്ളിയുടെ കവിതയെന്ന നിലയിൽ വാഴക്കുലയെ പരാമർശിക്കുന്നതിനർത്ഥം സ്വന്തം ഗവേഷണ പ്രബന്ധത്തെപ്പറ്റി തന്നെ യുവജനകമ്മീഷൻ അധ്യക്ഷയ്ക്ക് കൃത്യമായ ധാരണയില്ലെന്നതാണ്.ഇത്തരത്തിൽ മുഴുവൻ വിദ്യാർത്ഥി സമൂഹത്തെയും വഞ്ചിക്കുന്ന ഭരണത്തിന്റെ ഒത്താശയിലുള്ള തട്ടിപ്പുകൾക്ക് കേരളത്തിൽ ഇനിയുമിടം നൽകാൻ കെ എസ് യു അനുവദിക്കില്ലെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞുസംസ്ഥാന വൈസ് പ്രസിഡൻ്റ് ആൻ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു.എൻ.എസ്.യു.ഐ ദേശീയ സെക്രട്ടറി എറിക്ക് സ്റ്റീഫൻ, കെ.എസ്.യു നേതാക്കളായ ആദേശ് സുദർമൻ, ആസിഫ്, കൃഷ്ണകാന്ത്, ഗോപുനെയ്യാർ, അരുൺ എസ്.കെ, പീറ്റർ സോളമൻ, അനന്തകൃഷ്ണൻ, ശരത് ശൈലേഷ്വരൻ,പ്രിയങ്ക ഫിലിപ്പ് ,ശരത്ത് കുളത്തൂർ എന്നിവർ നേതൃത്വം നൽകി.വാഴക്കുലയുമായി എത്തിയ കെ.എസ്.യു പ്രവർത്തകരെ പോലീസ് ബാരിക്കേട് ഉപയോഗിച്ച് തടയുകയും തുടർന്ന് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി.പ്രതിഷേധത്തിനൊടുവിൽ കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ ഉൾപ്പടെയുള്ള പതിനഞ്ചോളം പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.പിൻവാതിൽ നിയമനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്ത് അരങ്ങേറുന്ന ”പിൻവാതിൽ ഡോക്ടറേറ്റ് “വിപണനത്തിന് അറുതി വരുത്തണമെന്നും ചങ്ങമ്പുഴക്ക് പകരം വാഴക്കുലയുടെ രചയിതാവ് വൈലോപ്പിളളി എന്ന് രേഖപ്പെടുത്തി നേടിയ ചിന്താ ജേറോമിൻ്റെ ഡോക്ടറേറ്റ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അധികാരികൾക്ക് പരാതി നൽകുമെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞു.