സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സംഘടനയായ കേരള സെക്രട്ടേറിയറ്റ് അസോസിയേഷനിൽ തർക്കം രൂക്ഷം

Spread the love

തിരുവനന്തപുരം: കോൺഗ്രസ് അനുകൂല സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സംഘടനയായ കേരള സെക്രട്ടേറിയറ്റ് അസോസിയേഷനിൽ തർക്കം രൂക്ഷം. സംഘടനയിലെ അംഗങ്ങൾ ചേരിതിരിഞ്ഞ് അധികാര തർക്കത്തിലാണ്. സംഘടന തെരഞ്ഞെടുപ്പിലൂടെ പ്രസിഡൻ്റായ എംഎസ് ജ്യോതിഷിൻ്റെ നേതൃത്വത്തിലുള്ള പാനലിനെ ഒരു വിഭാഗം എതിർക്കുന്നതാണ് നിലവിലെ സംഘർഷങ്ങൾക്ക് കാരണം.തെരഞ്ഞെടുക്കപ്പെട്ട ട്രഷറർ ഹാരിസിനെ കഴിഞ്ഞ ദിവസം ഒരു വിഭാഗം മർദിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് ജ്യോതിഷിൻ്റെ നേതൃത്വത്തിൽ ഇന്ന് അസോസിയേഷൻ ഓഫിസിൽ നിരാഹാരസമരം ആരംഭിച്ചിരുന്നു. ഇതിനിടയിലേക്ക് വിമത വിഭാഗം പ്രതിഷേധവുമായെത്തി. ഇതോടെ വീണ്ടും സംഘർഷ സാധ്യതയുണ്ടായി.പൊലീസ് ഇടപെട്ടാണ് സംഘർഷത്തിന് അയവ് വരുത്തിയത്. ഇരു വിഭാഗത്തെയും പുറത്തിറക്കി ഓഫിസ് പൂട്ടുകയും ചെയ്‌തു. തെരഞ്ഞെടുപ്പ് സമയം മുതൽ ഇരുവിഭാഗവും തമ്മിൽ ശക്തമായ സംഘർഷം നിലനിൽക്കുകയാണ്. വിമത വിഭാഗം കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ്റെ പേരിൽ വ്യാജ കത്ത് നിർമിച്ച് സാമ്പത്തിക ഇടപാടുകൾ നടത്തുന്നതായും ജ്യോതിഷ് ആരോപിച്ചു.ഇതുസംബന്ധിച്ച് കെപിസിസി പ്രസിഡന്‍റ് അടക്കം പരാതി നൽകിയെങ്കിലും ഇടപെടൽ ഉണ്ടായിട്ടില്ലെന്നും ഇവർ ആരോപിക്കുന്നു. ഇന്നത്തെ പൊലീസ് നടപടിയിലും ജ്യോതിഷ് വിഭാഗത്തിന് പ്രതിഷേധമുണ്ട്. അക്രമികളെ പുറത്താക്കാതെ മുഴുവൻ പേരെയും പുറത്തിറക്കി ഓഫിസ് പൂട്ടിയ സർക്കാർ നടപടി അംഗീകരിക്കാൻ കഴിയില്ല. സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സമരം തുടരുമെന്നും ജ്യോതിഷ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *