വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടത്തിൽ അടിയന്തര റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ നിർദ്ദേശം
തിരുവനന്തപുരം: വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടത്തിൽ അടിയന്തര റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ നിർദ്ദേശം. ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് ഡയറക്ടറോട് റിപ്പോർട്ട് തേടിയിരിക്കുന്നത്. അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്. ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകർന്നാണ് അപകടം ഉണ്ടായത്. ഇന്ന് വൈകിട്ട് 5 മണിക്കായിരുന്നു അപകടം.ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകർന്നതോടെ കുട്ടികൾ ഉൾപ്പെടെ 15 പേരാണ് കടലിലേക്ക് വീണത്. ഇതിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചിട്ടുണ്ട്. ലൈഫ് ഗാർഡും പ്രദേശവാസികളും ചേർന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ ഫ്ലോട്ടിങ് ബ്രിഡ്ജാണ് വർക്കലയിൽ സ്ഥിതി ചെയ്യുന്നത്.ഒരേ സമയം നൂറുപേർക്ക് ബ്രിഡ്ജിൽ കയറാം. 700 കിലോഗ്രാം ഭാരമുള്ള നങ്കൂരം ഉപയോഗിച്ചാണ് പാലത്തെ ഉറപ്പിച്ച് നിർത്തിയിരിക്കുന്നത്. 11 മുതൽ വൈകിട്ട് 5 വരെയാണ് പ്രവേശനം. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, വർക്കല നഗരസഭ എന്നിവരുടെ സഹകരണത്തോടെയാണ് ബ്രിഡ്ജ് സ്ഥാപിച്ചത്.