‘ഒരാളെങ്കിലും കുഴഞ്ഞു വീഴാത്ത ദിവസങ്ങളില്ല’; ആലപ്പുഴ വഴിയുള്ള തീരദേശപാതയിൽ റെയിൽ യാത്രാദുരിതം രൂക്ഷം; പരിഹാരം ആവശ്യപ്പെട്ട് യാത്രക്കാർ
കായംകുളം-ആലപ്പുഴ-എറണാകുളം പാതയിൽ ട്രെയിൻ യാത്രാദുരിതം രൂക്ഷം. ഇക്കാര്യത്തിൽ റെയിൽവേയുടെ അടിയന്തര നടപടി ആവശ്യമാണെന്നും യാത്രക്കാരുടെ സംഘടനാപ്രതിനിധികൾ ആവശ്യപ്പെട്ടു. മുംബൈയിലെ തിങ്ങിനിറഞ്ഞു പോകുന്ന സബർബൻ ട്രെയിനുകളെ പോലെയാണ് രാവിലെ 7.25ന് പുറപ്പെടുന്ന ആലപ്പുഴ-എറണാകുളം പാസഞ്ചർ ട്രെയിൻ സർവീസ് നടത്തുന്നതെന്ന് ഫ്രണ്ട്സ് ഓൺ റെയിൽ ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് ബിന്ദു വയലാർ പറഞ്ഞു.
ദേശീയപാതാ നിർമാണത്തെ തുടർന്ന് ആലപ്പുഴ വഴിയുള്ള ട്രെയിനുകളിൽ തിരക്കേറി. ആലപ്പുഴയിൽനിന്ന് രാവിലെ എറണാകുളത്തേക്കുള്ള പാസഞ്ചർ ട്രെയിൻ നേരത്തെ തന്നെ തിങ്ങിനിറഞ്ഞാണ് പൊയ്ക്കൊണ്ടിരുന്നത്. ഇതിന് പുറമെയാണ് റോഡ് മാർഗം പൊയ്ക്കൊണ്ടിരുന്നവർ കൂടി ട്രെയിനിലേക്ക് മാറിയത്. ഇതോടെ 12 കോച്ചുകളുള്ള ട്രെയിന് താങ്ങാവുന്നതിലേറെയായി. ഇതോടെയാണ് തിരക്ക് കാരണം യാത്രക്കാർ കുഴഞ്ഞുവീഴുന്ന സ്ഥിതിവിശേഷമുണ്ടായതെന്നും അവർ പറഞ്ഞു.
ട്രെയിൻ തുറവൂർ എത്തുമ്പോഴേക്കും ആളുകൾ കുഴഞ്ഞുവീഴാൻ തുടങ്ങുമെന്നും ബിന്ദു വയലാർ പറയുന്നു. ചേർത്തല കഴിഞ്ഞാൽ ഇത്തരത്തിൽ ട്രെയിനിൽ കുഴഞ്ഞുവീഴുന്നവരെ ആശുപത്രിയിലെത്തിക്കാൻ ഒരു സംവിധാനവുമില്ലാത്തത് വെല്ലുവിളിയാണ്. പൊലീസിനെയോ മെഡിക്കൽ സംഘത്തെയോ അറിയിച്ചാലും അവർ അറ്റൻഡ് ചെയ്യണമെങ്കിൽ എറണാകുളം എത്തണം. എന്നാൽ അതുവരെ കാത്തുനിൽക്കാൻ കഴിയാത്തതുകൊണ്ട് സുഹൃത്തുക്കളുടെ സഹായത്തോടെ ഇവരെ ആശുപത്രിയിലെത്തിക്കുകയാണ് ചെയ്യുന്നത്. ഇതുകാരണം പലർക്കും അവധി എടുക്കേണ്ടതായി വരുന്നുണ്ട്. ഇത്തരത്തിൽ ഒരാളെങ്കിലും കുഴഞ്ഞുവീഴാത്ത ദിവസങ്ങളില്ലെന്നും ബിന്ദു കൂട്ടിച്ചേർത്തു.
ഈ പ്രശ്നത്തിന് പരിഹാരമായി 16 റേക്ക് മെമു വേണമെന്നതാണ് ഈ റൂട്ടിലെ യാത്രക്കാരുടെ നിരന്തര ആവശ്യം. ജൂൺ അവസാനത്തോടെ നൽകാമെന്നാണ് റെയിൽവേ അറിയിക്കുന്നത്. എന്നാൽ സ്കൂളും കോളേജും തുറക്കുന്നതോടെ തിരക്ക് നിയന്ത്രണാതീതമാകും. കുംഭമേളയ്ക്ക് കൊണ്ടുപോയ മെമു റേക്കും തിരികെ എത്തിച്ചിട്ടില്ലെന്ന് ബിന്ദു പറയുന്നു. ഇപ്പോഴുള്ള 12 റേക്ക് 16 റേക്കാക്കിയാലും, പ്രശ്നം പരിഹരിക്കപ്പെടില്ലെന്നും, പുതിയൊരു വണ്ടി തന്നെയാണ് പരിഹാരമെന്നും യാത്രക്കാർ പറയുന്നു. കായംകുളം മുതൽ തുടങ്ങുന്ന ഈ സർവീസ് രാവിലെ 10 മണിക്ക് എറണാകുളത്ത് എത്തുന്ന തരത്തിൽ വേണമെന്നുമാണ് ആവശ്യം. ഇതേ വണ്ടി വൈകിട്ട് അഞ്ചരയോടെ ആലപ്പുഴ ഭാഗത്തേക്ക് തിരിച്ചാൽ യാത്രാക്ലേശം പരിഹരിക്കാം.