ദേശീയപാതയിലെ വിള്ളൽ: വീഴ്ച സമ്മതിച്ച് കേന്ദ്രസർക്കാർ
ദേശീയപാതയിലെ വിള്ളലില്‍ വീഴ്ച്ച സമ്മതിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രതിഷേധം രൂക്ഷമായതോടെ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കെതിരെ കേന്ദ്ര റോഡ് ഉപരിതല ഗതാഗത മന്ത്രാലയം നടപടി സ്വീകരിച്ചു. നിര്‍മ്മാണ ചുമതലയുള്ള കെ എന്‍ ആര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയെ ഡീബാര്‍ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട വിദഗ്ധ അന്വേഷണത്തിനായി നിയമിച്ച സംഘം ഉടന്‍ സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തുമെന്നും കേന്ദ്രം വ്യക്തമാക്കി.
വിദഗ്ധ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ദേശീയപാത നിര്‍മ്മാണത്തില്‍വീഴ്ച സംഭവിച്ചതായി കേന്ദ്രസര്‍ക്കാര്‍ തുറന്നുപറഞ്ഞത്. ഇതോടെ മലപ്പുറം ജില്ലയിലെ നിര്‍മാണ പ്രവർത്തി ചുമതലയുള്ള കെ എന്‍ ആര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയെ കേന്ദ്രസര്‍ക്കാര്‍ ഡി ബാര്‍ ചെയ്തു. കണ്‍സള്‍ട്ടന്റായ ഹൈവേ എന്‍ജിനീയറിങ് കമ്പനിക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇരു കമ്പനികള്‍ക്കും തുടര്‍ കരാറുകളില്‍ പങ്കെടുക്കാന്‍ ആവില്ല. നിര്‍മാണത്തില്‍ വീഴ്ച കണ്ടെത്തിയതിന് പിന്നാലെ രണ്ടു ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. പ്രോജക്ട് മാനേജര്‍ എം അമര്‍നാഥ് റെഡ്ഡി, ടീം കണ്‍സള്‍ട്ടണ്‍ ലീഡര്‍ രാജകുമാറിനെയും കേന്ദ്രസര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു.
നിര്‍മ്മാണ പ്രവര്‍ത്തികളില്‍ ദേശീയപാത അതോറിറ്റിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞദിവസം സ്ഥലം സന്ദര്‍ശിച്ച രണ്ടംഗ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട്. ഇതോടെ റോഡ് നിര്‍മ്മാണത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധമുയര്‍ത്തിയ പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പും വെള്ളത്തിലായി. സംഭവവുമായി ബന്ധപ്പെട്ട് വിദഗ്ധ അന്വേഷണത്തിനായി നിയമിച്ച സംഘം ഉടന്‍ സംഭവസ്ഥലത്തെത്തും.
ഐഐടി പ്രൊഫസര്‍ കെ ആര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തി പരിശോധന നടത്തുക. ദ്രുതഗതിയില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സംഘത്തിന് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. അതേ സമയം കരാര്‍ കമ്പനിക്കെതിരെ നടപടി സ്വീകരിച്ച കേന്ദ്രസര്‍ക്കാര്‍ ദേശീയപാത പുനര്‍നിര്‍ണവുമായി ബന്ധപ്പെട്ട തുടര്‍നടപടികളില്‍ വ്യക്തത വരുത്തിയിട്ടില്ല.