ചരിത്രമറിയാത്ത ശശിഭൂഷണും പിതൃത്വമറിയാത്ത മകനും
ചരിത്രമറിയാത്ത ശശിഭൂഷണും പിതൃത്വമറിയാത്ത മകനും
ചരിത്ര പുസ്തകങ്ങൾ വസ്തുതകളുടെ രേഖപ്പെടുത്തൽ ആകണം. അല്ലെങ്കിൽ അത് വരുംതലമുറയോട് ചെയ്യുന്ന ചതിയാകും, അത് എഴുതുന്നവൻ ചതിയനുമാകും. അങ്ങനെയെങ്കിൽ ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ ചതിപ്പുസ്തകം എന്നു വിശേഷിപ്പിക്കാൻ കഴിയുന്നതാണ് ഡോ. എം ജി ശശിഭൂഷൻ എഴുതിയ മാഞ്ഞുപോയ ശംഖുമുദ്ര എന്ന പുസ്തകം. എന്തൊക്കെയോ ഗൂഢ ലക്ഷ്യത്തോടെ എഴുതപ്പെട്ടതാണ് ഈ പുസ്തകമെന്നും, ഗ്രന്ഥകാരന് ചരിത്രബോധം തുലോം തുച്ഛമാണെന്നും ഇത് വായിക്കുന്ന ഏതൊരാൾക്കും മനസ്സിലാകും. വായിക്കാതെ തന്നെ മനസ്സിലാകും അദ്ദേഹം ചില സ്വകാര്യ ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങൾ ശ്രദ്ധിച്ചാൽ. തിരുവിതാംകൂർ രാജകുടുംബത്തെ കരിവാരിത്തേക്കാനുള്ള വ്യഗ്രത പ്രകടമാക്കുന്നതാണ് ആ അഭിമുഖങ്ങൾ. തിരുവിതാംകൂർ എന്നത് പുതിയ തലമുറയ്ക്ക് പരിചയമുള്ള പേരല്ല എന്ന പ്രസ്താവനയിലൂടെ തന്റെ വിവരക്കേട് അദ്ദേഹം തുറന്നുകാട്ടുകയും ചെയ്യുന്നു. താനൊരു പത്രപ്രവർത്തകൻ ആയിരുന്നെന്നും പത്രപ്രവർത്തകനായാൽ വായനക്കാരുടെ എണ്ണം കൂട്ടാൻ വേണ്ടി ചില പൊടിക്കൈകൾ കാണിക്കാമെന്നും സത്യസന്ധതയും നിർമ്മമതയും ഇല്ലാത്തവരാകാമെന്നും കൂടി ഈ മഹാൻ പറഞ്ഞു വയ്ക്കുന്നുണ്ട്. ഒരു പരദൂഷണക്കാരനെ പോലെ ആദ്യാവസാനം തിരുവിതാംകൂർ രാജകുടുംബത്തെ കുറ്റപ്പെടുത്താൻ മാത്രമായി വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് എന്നപോലെ എന്തൊക്കെയോ പുലമ്പുന്നുണ്ട് ഇദ്ദേഹം. ഇതിലൂടെ എന്ത് ചരിത്രബോധമാണ് കൈമാറാൻ ശ്രമിക്കുന്നതെന്ന് ആർക്കും മനസ്സിലാകില്ല.
കാർത്തികതിരുനാൾ ലക്ഷ്മിഭായി തമ്പുരാട്ടിയുടെ വിവാഹ ആൽബത്തിൽ രവിവർമ്മ കോയി തമ്പുരാനെ കാണാനില്ലാത്തതിൽ ഏറെ ദുഃഖിതനാണ് ഈ വ്യാജചരിത്രകാരൻ എന്നു തോന്നുന്നു. രവിവർമ്മ തമ്പുരാൻ ഹൗസ് അറസ്റ്റിൽ ആയിരുന്നെന്നും അദ്ദേഹത്തിന്റെ അത്തരം യാതനകൾക്ക് കാരണം സേതു പാർവതി ഭായി തമ്പുരാട്ടിയുടെ പ്രതികാരം ആണെന്നുമൊക്കെയാണ് പറഞ്ഞുവെക്കുന്നത്.
ഏറ്റവും കുറഞ്ഞത് ഒരു നോബൽ സമ്മാനമെങ്കിലും കിട്ടേണ്ട ഒരു കണ്ടുപിടിത്തവും ഡോ.ശശിഭൂഷണിന്റേതായി ഉണ്ട്. ഒരാൾ എന്നെങ്കിലും സന്യാസ ജീവിതം നയിക്കാൻ ആഗ്രഹിച്ചാൽ പിന്നീട് അദ്ദേഹത്തിന് കുട്ടികളുണ്ടാകില്ല എന്നതാണ് അത്. ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മയെക്കുറിച്ചുള്ള പരാമർശത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. എന്നാൽ തന്റെ മകനായ വീര പത്മനാഭ ഗൗതം സ്വന്തം പിതൃത്വത്തെ പരസ്യമായി ചോദ്യം ചെയ്യുന്ന കാര്യം അച്ഛനായ ശശിഭൂൺ അറിയാത്തതാണോ അതോ അറിഞ്ഞിട്ടും അറിയാത്തതായി ഭാവിക്കുന്നതാണോ എന്നാണ് നാട്ടുകാരുടെ സംശയം. അമ്മമഹാറാണി പല ദുഷ് പേരുകളുമുള്ള ആളായിരുന്നു എന്ന പരസ്യ പ്രസ്താവനക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കാൻ കഴിയും എന്നുള്ള ബോധം പോലും ഈ വിദ്വാന് ഇല്ലാതെ പോയി എന്നതാണ് കഷ്ടം.
പ്രശസ്ത ചരിത്രകാരൻ തെക്കുംഭാഗം മോഹന്റെ അഭിപ്രായത്തിൽ വസ്തുനിഷ്ഠവും ആത്മനിഷ്ഠവും അല്ലാത്തതും യാതൊരു യാഥാർത്ഥ്യബോധവും ഇല്ലാത്തതുമായ ചരിത്ര പുസ്തകമാണ് മാഞ്ഞുപോയ ശംഖ് മുദ്ര. ഇങ്ങനെയൊരു പുസ്തകം എഴുതുകയും അതിനുശേഷം മാധ്യമം മുറികളിലിരുന്ന് വിവരക്കേട് പുറന്തള്ളുകയും ചെയ്യുന്ന ഡോ. എം ജി ശശിഭൂഷണിനെ പോലുള്ളവരെ സാമൂഹ്യദ്രോഹികൾ എന്നല്ലാതെ മറ്റൊരു വാക്കുകൊണ്ട് വിശേഷിപ്പിക്കാനാകില്ല.